ആജ്ഞാപിക്കരുത്, ശുപാര്‍ശകളോടെയുള്ള ഉത്തരവ് നല്‍കാനേ ലോകായുക്തക്ക് അധികാരമുള്ളൂവെന്ന് സുപ്രീംകോടതി

കേരള ലോകായുക്ത നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ നല്‍കാന്‍ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ശുപാര്‍ശകളോടെയുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റിക്കു നല്‍കാന്‍ മാത്രമേ അധികാരമുള്ളൂവെന്നും സുപ്രീംകോടതി വിശദീകരിച്ചു. 

കേരള ലോകായുക്ത നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ശുപാര്‍ശകള്‍  ബന്ധപ്പെട്ട അതോറിറ്റിക്ക് റിപ്പോര്‍ട്ടായി  സമര്‍പ്പിക്കാനേ  അധികാരമുള്ളൂവെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ലോകായുക്ത നിയമത്തിലെ 12(1) വകുപ്പുപ്രകാരം, ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ ലോകായുക്തയ്ക്കു നല്‍കാനാകില്ല. പരാതിക്കാരനു കക്ഷി ബുദ്ധിമുട്ടുണ്ടാക്കിയെന്നു ലോകായുക്തയ്‌ക്കോ ഉപലോകായുക്തയ്‌ക്കോ തോന്നിയാല്‍ നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അതോറിറ്റിക്കു രേഖാമൂലം ശുപാര്‍ശകളോടെ റിപ്പോര്‍ട്ട് നല്‍കാം. ലോകായുക്ത ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 

വര്‍ക്കല ജനാര്‍ദനപുരം സ്വദേശി ജി ഊര്‍മിള നല്‍കിയ ഹര്‍ജിയില്‍ ഉപലോകായുക്ത 2016ല്‍ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട വിഷയമാണ് പരിഗണിച്ചത്. റീസര്‍വെ രേഖകളിലെ തെറ്റുകള്‍ തിരുത്താന്‍ വര്‍ക്കല അഡീഷണല്‍ തഹീല്‍ദാറിനോട് ഉപലോകായുക്ത നിര്‍ദേശിച്ചിരുന്നു. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ലോകായുക്തയുടെ അധികാരങ്ങള്‍ സുപ്രീംകോടതി ഓര്‍മിപ്പിച്ചത്. ഉപലോകായുക്ത ഉത്തരവും ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ഒരുമാസത്തിനുള്ളില്‍ പിഴവു പരിഹരിച്ചു നികുതി സ്വീകരിക്കണമെന്നായിരുന്നു അഡീഷനല്‍ തഹസില്‍ദാര്‍ക്ക് ഉപലോകായുക്ത ഉത്തരവു നല്‍കിയത്. 

എന്നാല്‍, ലോകായുക്തയുടെ അധികാരപരിധിക്കു പുറത്താണിതെന്നും മേല്‍നോട്ട അധികാരം ഇവര്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com