വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷ്യവിഷബാധ, അതിഥിക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഡിബി ബിനു അധ്യക്ഷനും  വൈക്കം രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: വിവാഹ വിരുന്നിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പി വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന് 40000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 2019 മെയ് 5ന് കൂത്താട്ടുകുളം ചൊരക്കുഴി സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

ഡിബി ബിനു അധ്യക്ഷനും  വൈക്കം രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

സുഹൃത്തിന്റെ മകന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത  പരാതിക്കാരന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലിലും പിന്നീട് നില വഷളായതിനാല്‍ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലും മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടേണ്ടി വന്നു.ഈ സാഹചര്യത്തിലാണ് കൂത്താട്ടുകുളം സ്വദേശിയും എക്‌സൈസ് ഉദ്യോഗസ്ഥനുമായ വി ഉന്‍മേഷ്,  ഭക്ഷണ വിതരണക്കാരായ സെന്റ്.മേരിസ് കാറ്ററിങ് സര്‍വീസ് നെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

കോട്ടയം, കാരിത്താസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരന് ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചതും, കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം കാറ്ററിംഗ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. കൂടാതെ, വിവാഹത്തില്‍ പങ്കെടുത്ത മറ്റു പത്തോളം പേര്‍ക്കും ഭക്ഷ്യ വിഷബാധ ഏറ്റതായും നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. 

കാറ്ററിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച സംഭവിച്ചതായി ബോധ്യമായ കോടതി, നഷ്ടപരിഹാരമായി 40000രൂപ  9%പലിശ നിരക്കില്‍ 30 ദിവസത്തിനകം പരാതിക്കാന് നല്‍കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com