വിസി നിയമനത്തിന് നടപടി തുടങ്ങി ഗവര്‍ണര്‍; സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം

സര്‍വകലാശാല പ്രതിനിധികള്‍ക്ക് പുറമെ, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരും സെര്‍ച്ച് കമ്മിറ്റിയിലുണ്ടാകും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് ഗവര്‍ണര്‍ കത്തു നല്‍കി. ഒമ്പതു സര്‍വകലാശാലകളിലെ രജിസ്ട്രാര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 

സര്‍വകലാശാല പ്രതിനിധികള്‍ക്ക് പുറമെ, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരും സെര്‍ച്ച് കമ്മിറ്റിയിലുണ്ടാകും. കേരള, എംജി സര്‍വകലാശാല, കണ്ണൂര്‍, കുസാറ്റ്, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല തുടങ്ങിയ ഒമ്പതു യൂണിവേഴ്‌സിറ്റികളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇടഞ്ഞതോടെയാണ് വിസി നിയമനം താറുമാറായത്. 

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നടപടി. വിസി നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ക്കും കീഴ്‌പ്പെടാന്‍ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പരിപൂര്‍ണ അധികാരം നല്‍കിക്കൊണ്ടുള്ള വിധി. വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ മേല്‍ക്കൈ ഒഴിവാക്കാനുള്ള ബില്ലും, ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസ്സാക്കിയിരുന്നു. തീരുമാനമെടുക്കാതെ പിടിച്ചുവെച്ച ഈ ബില്‍ അടുത്തിടെയാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com