നവകേരള ബസിന് നേരെ ഷൂ ഏറ്: 'ഏറിനൊക്കെ പോയാല്‍ നടപടി, അന്നേരം വിലപിച്ചിട്ട് കാര്യമില്ല'; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു
മുഖ്യമന്ത്രി കോതമം​ഗലത്ത് പ്രസം​ഗിക്കുമ്പോൾ, സ്ക്രീൻഷോട്ട്
മുഖ്യമന്ത്രി കോതമം​ഗലത്ത് പ്രസം​ഗിക്കുമ്പോൾ, സ്ക്രീൻഷോട്ട്

കൊച്ചി: പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. നാലു കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൂ എറിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല. ഇത് നാടിനോടുള്ള വെല്ലുവിളിയായി കാണണമെന്നും കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞു.

പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് സംഭവം. ഓടക്കാലിയില്‍ വച്ച് രണ്ടുമൂന്ന് തവണയാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കോതമംഗലത്ത് വച്ച് വ്യത്യസ്തമായ അനുഭവം ഉണ്ടായതായി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി കെഎസ് യു പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 'ബസിന് മുന്നില്‍ ചാടിയ അനുഭവം മുന്‍പ് പങ്കുവെച്ചതാണ്. പിന്നീട് ആവര്‍ത്തിക്കുന്നത് കണ്ടില്ല. ഇന്ന് വരുമ്പോള്‍ ബസിന് നേരെ ഏറുണ്ടായി. എന്താണ് ഇവര്‍ക്ക് പറ്റിയത് എന്ന് മനസിലാകുന്നില്ല?. ഇതിനെ മറ്റൊരു രീതിയിലേക്ക് മാറ്റാനുള്ള ഗൂഢോദ്ദേശമാണ്. നവകേരള സദസില്‍ പങ്കെടുക്കാന്‍ വരുന്ന ആളുകള്‍ എല്ലാം കൂടി ശക്തമായി ഊതിയാല്‍ കരിങ്കൊടിയായിട്ട് വരുന്നയാളും എറിയാനായി വരുന്നയാളും പറന്നുപോകുമെന്നതാണ് അവസ്ഥ. പക്ഷേ നാട്ടുകാര്‍ നല്ല സംയമനം പാലിച്ചാണ് നില്‍ക്കുന്നത്. അത് വേണ്ടത് തന്നെയാണ്. അവരുടെ പ്രകോപനത്തില്‍ വീഴുകയല്ല വേണ്ടത്. എന്നാല്‍ ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരുമല്ലോ. നാട്ടുകാര്‍ ഏറ്റെടുക്കണമെന്നല്ല പറയുന്നത്. സാധാരണനിലയിലുള്ള നടപടികളിലേക്ക് കടക്കുമല്ലോ. അപ്പോള്‍ പിന്നെ വല്ലാതെ വിലപിച്ചിട്ടോന്നും കാര്യമില്ല. അതിന്റെതായ നടപടികള്‍ സ്വാഭാവികമായി സ്വീകരിക്കേണ്ടതായി വരും. ഇത് നാടിന് തന്നെ ഒരു വെല്ലുവിളിയാണ് എന്ന കാര്യം ഇത്തരക്കാര്‍ മനസിലാക്കണം. ഈ പരിപാടി ആര്‍ക്കെങ്കിലും എതിരെ സംഘടിപ്പിച്ച പരിപാടിയല്ല. എല്ലാവര്‍ക്കും വേണ്ടിയുള്ള പരിപാടിയാണ്. നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പരിപാടിയാണ്.'- മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com