നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ്; നാല് പ്രതികള്‍ക്കും ജാമ്യം

പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. 
നവകേരള ബസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
നവകേരള ബസ്/ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: നവകേരള ബസിന് നേരെക ഷൂ എറിഞ്ഞ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. 

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞത്. കേസില്‍ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് പൊലീസിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്. കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ 308-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസില്‍ 308-ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന്  കോടതി ചോദിച്ചിരുന്നു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താല്‍ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുക? ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ ചില കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചിരുന്നു. ഷൂ എറിഞ്ഞതിന് പിന്നാലെ അവിടെ കൂടിനിന്ന ആളുകള്‍ തങ്ങളെ മര്‍ദ്ദിച്ചു. നവകേരള സദസിന്റെ സംഘാടകര്‍, ഡിവൈഎഫ്ഐക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദ്ദിച്ചത്. അപ്പോഴും പൊലീസ് അവിടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ കോടതിയെ ധരിപ്പിച്ചു. പൊലീസിന് എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാന്‍ കഴിയുന്നത് എന്നായിരുന്നു കോടതിയുടെ പ്രതികരണം.

ഇവരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എവിടെ?, അവരെ അറസ്റ്റ് ചെയ്തോ? കോടതിയില്‍ അവരെ കൊണ്ടുവരേണ്ടതല്ലേ?. ഈ പൊലീസുകാര്‍ ആരോക്കെയാണോ അവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ പരാതി എഴുതി നല്‍കാനും പ്രതികളോട് കോടതി ആവശ്യപ്പെട്ടു. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം. ഇവരെ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com