പുതുമിടിപ്പുമായി ഹരിനാരായണന്‍ മടങ്ങി; അത്യപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷിയായി സഹോദരന്‍ സൂര്യനാരായണനും 

ഹരിനാരായണിന്റെ സഹോദരന്‍ സൂര്യനാരായണന്‍ 2021ല്‍ ലിസി ആശുപത്രിയില്‍ത്തന്നെ ഹൃദയമാറ്റം നടത്തിയിരുന്നു.
ഹരിനാരായണന്‍ അമ്മയ്ക്കും സഹോദരനുമൊപ്പം/ടിപി സൂരജ്‌
ഹരിനാരായണന്‍ അമ്മയ്ക്കും സഹോദരനുമൊപ്പം/ടിപി സൂരജ്‌



കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഹരിനാരായണന്‍ എറണാകുളം ലിസി ആശുപത്രി വിട്ടു. പതിനാറുകാരനായ ഹരിനാരായണന് കഴിഞ്ഞമാസം അവസാനമാണ് ഹൃദയം മാറ്റിവച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണനില്‍ മിടിക്കുന്നത്.

ഹരിനാരായണിന്റെ സഹോദരന്‍ സൂര്യനാരായണന്‍ 2021ല്‍ ലിസി ആശുപത്രിയില്‍ത്തന്നെ ഹൃദയമാറ്റം നടത്തിയിരുന്നു. രണ്ടു സഹോദരന്മാര്‍ക്കും ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുക,  ഇരുവര്‍ക്കും ഹൃദയം മാറ്റിവയ്‌ക്കേണ്ടിവരിക, ഒരേ ശസ്ത്രക്രിയ നടത്തുക, രണ്ടുപേര്‍ക്കും ഡോക്ടര്‍ വ്യോമമാര്‍ഗം തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഹൃദയമേറ്റെടുക്കുക എന്നിങ്ങനെ ഇരുവരുടെയും ചികിത്സയില്‍ സമാനതകളേറെയായിരുന്നു. കായംകുളം സ്വദേശികളായ ബിന്ദുവിന്റെയും സതീഷിന്റെയും മക്കളാണ് സൂര്യയും ഹരിയും.

ഇന്നലെ ഹരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സമയം അരികത്ത് സഹോദരന്‍ സൂര്യനാരായണനും ഉണ്ടായിരുന്നു. ഹൃദയം ക്രമാതീതമായി വികസിപ്പിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ഹരിനാരായണന്. സമാന രക്തഗ്രൂപ്പില്‍പ്പെട്ട സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ഉടന്‍തന്നെ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗം നല്‍കുകയായിരുന്നു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് ഉറപ്പായതോടെ ശസ്ത്രക്രിയ സാധ്യമാകുകയായിരുന്നു.

കടുത്ത വേദനക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ വലിയ മനസ്സ് കാണിച്ച സെല്‍വിന്റെ കുടുംബത്തെ മറക്കാന്‍ കഴിയില്ലെന്ന് ഹരിനാരായണന്‍ പറഞ്ഞു. ഹരിനാരായണന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഹൃദയമാറ്റിവെയക്കല്‍ കഴിഞ്ഞ ഹരിയുടെ ജ്യേഷ്ഠന്‍ സൂര്യനാരായണനും ആരോഗ്യവാനുമാണ്. കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ നീന്തല്‍ മത്സരത്തിലടക്കം സൂര്യനാരായണന്‍ മെഡലുകള്‍ നേടിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com