എസ്എഫ്‌ഐയ്ക്ക് 'ഷെയ്ക്ക് ഹാന്‍ഡ്'; പ്രതിഷേധങ്ങളെ ഒരേ തട്ടില്‍ കാണരുത്, ഗവര്‍ണര്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടോ?; പിന്തുണച്ച് മന്ത്രിമാര്‍ 

വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ എസ്എഫ്‌ഐയെ പിന്തുണച്ച് മന്ത്രിമാര്‍
​ഗവർണറുടെ വാഹനത്തിന് നേരെ നടന്ന എസ്എഫ്ഐ പ്രതിഷേധം, സ്ക്രീൻഷോട്ട്
​ഗവർണറുടെ വാഹനത്തിന് നേരെ നടന്ന എസ്എഫ്ഐ പ്രതിഷേധം, സ്ക്രീൻഷോട്ട്

തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ എസ്എഫ്‌ഐയെ പിന്തുണച്ച് മന്ത്രിമാര്‍. ക്യാമ്പസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ ചെയ്യുന്നതെന്നും എസ്എഫ്‌ഐയ്ക്ക് കൈ കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

പ്രതിഷേധങ്ങളെ ഒരേ തട്ടില്‍ കാണരുതെന്നായിരുന്നു മന്ത്രി പി രാജീവിന്റെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ സമരം ഏതു തരത്തിലുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാന്‍ സാധിക്കൂ. പ്രതിഷേധത്തിനിടെ, ഗവര്‍ണര്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പാടുണ്ടോയെന്നും രാജീവ് ചോദിച്ചു.

ഗുണ്ടായിസം കാണിച്ചത് ഗവര്‍ണര്‍ അല്ലേയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ചോദിച്ചു. ഗവര്‍ണര്‍ പ്രകോപനം സൃഷ്ടിക്കുന്നുവെന്നും ശശീന്ദ്രന്‍ ആരോപിച്ചു. അതിനിടെ, വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവന്‍ ആരോപിച്ചു. ഗവര്‍ണറുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗ്ലാസില്‍ ഇടിച്ചത് അടക്കമുള്ള സംഭവങ്ങളില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായും രാജ്ഭവന്‍ ആരോപിച്ചു. 

ഇന്റലിജന്‍സ് പാളിച്ചയ്ക്കൊപ്പം ഭരണാനുകൂല വിദ്യാര്‍ഥി സംഘടനയ്ക്ക് ഒപ്പം പൊലീസ് നിന്നുവെന്ന ആക്ഷേപവും രാജ്ഭവന്‍ ഉയര്‍ത്തുന്നുണ്ട്. സംഭവം കേന്ദ്ര ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സ്വമേധയാ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആദ്യ പ്രതിഷേധം നടന്നത് യൂണിവേഴ്സിറ്റി കോളജിന് സമീപമാണ്. ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ ഇടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. 200 മീറ്റര്‍ അപ്പുറത്ത് ജനറല്‍ ആശുപത്രിയ്ക്ക് സമീപവും സമാനമായ പ്രതിഷേധം നടന്നു. പേട്ടയില്‍ എത്തിയപ്പോള്‍ ഗവര്‍ണറുടെ വാഹനത്തിന് അടുത്തേയ്ക്ക് കരിങ്കൊടിയുമായി പ്രതിഷേധക്കാര്‍ പാഞ്ഞടുത്തു. ഇതോടെ ഗുണ്ടകള്‍, ക്രിമിനലുകള്‍ എന്ന് വിളിച്ച് കൊണ്ട് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി. 

ഈ ഗുണ്ടകള്‍ക്ക് റോഡ് തീറെഴുതി കൊടുത്തിരിക്കുകയാണോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ ആക്രമണമെന്ന് ആരോപിച്ച ഗവര്‍ണര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തകര്‍ പാഞ്ഞടുത്തതെന്നും പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ഗുണ്ടകളെ അനുവദിക്കില്ലെന്നും അദ്ദേഹം താക്കീത് ചെയ്തു. ഇത്തരം ഗുണ്ടാപ്രവര്‍ത്തനങ്ങളിലൂടെ തന്നെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളത്തില്‍ എത്തിയ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചു. ഇതാണോ സുരക്ഷ എന്ന് ചോദിച്ച ഗവര്‍ണര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപിച്ചു. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഗൂഢാലോചന നടത്തിയതായും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഗൂഢാലോചന എന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com