'ആറുവയസ്സുകാരിയുടേത് ഷാള്‍ കുരുങ്ങി മരണമെന്ന് ആദ്യ പ്രചാരണം', കുറ്റപത്രം എസ്പി മടക്കി; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കുടുംബം 

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ കുടുംബം
കേസിൽ വെറുതെ വിട്ട അർജുൻ
കേസിൽ വെറുതെ വിട്ട അർജുൻ
Published on
Updated on

മൂന്നാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ കുടുംബം. പ്രതി അര്‍ജുനെ വെറുതെ വിട്ടു കൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. വിധി കേട്ട ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തരാകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് കരുതുന്നില്ല. പ്രതി അര്‍ജുന്‍ തന്നെയെന്ന് വിശ്വസിക്കുന്നതായും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്റെ തുടക്കത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങിയാണ് മരണം സംഭവിച്ചത് എന്നായിരുന്നു ആദ്യ പ്രചാരണം. കുട്ടിയെ ആദ്യം പരിശോധിച്ച വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കണ്ടെത്തല്‍ ആണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ പൊളിച്ചത്. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും കാണപ്പെട്ട പാടുകള്‍, മുറിവുകള്‍ എന്നിവ ഡോക്ടര്‍ പല തവണ പരിശോധിച്ചു. പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന നിബന്ധന വെയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് അന്വേഷണം വേഗത്തിലായത്.

അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം ആദ്യം ജില്ലാ പൊലീസ് മേധാവി തിരിച്ചയച്ചിരുന്നു. കുറ്റപത്രത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എസ്പി ആര്‍ കറുപ്പസ്വാമി കുറ്റപത്രം തിരികെ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്കു കൈമാറിയത്. പിന്നീടു കുറ്റപത്രം പുതുക്കിയാണു 2021 സെപ്റ്റംബര്‍ 21നു സമര്‍പ്പിച്ചത്. 

പ്രതി അര്‍ജുനെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കട്ടപ്പന അതിവേഗ പ്രത്യേക കോടതി പ്രതിയെ വെറുതെ വിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നുമാണ് പറയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുന്‍ പൊലീസ് പിടിയിലാകുന്നത്.  പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com