'ജോലിക്ക് അപേക്ഷിക്കാന്‍ ഗര്‍ഭധാരണം തടസ്സമായിക്കൂടാ'; മാതൃത്വത്തിന്റെ പേരില്‍ പിന്നിലാവുന്നത് ലിംഗ വിവേചനമെന്ന് ഹൈക്കോടതി

കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ പുരുഷനും സ്ത്രീയും പങ്കാളികളാണെങ്കിലും പുരുഷന് ഗര്‍ഭധാരണത്തിന്റെ ഭാരമില്ല. അതുകൊണ്ടുതന്നെ നിയമനങ്ങളിലും മറ്റു സ്ത്രീയേക്കാള്‍ മുന്നിലെത്താനാവുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അമ്മയാവുകയെന്നത് തെറ്റല്ലെന്നും ഗര്‍ഭധാരണമോ മാതൃത്വമോ സര്‍ക്കാര്‍ ജോലിക്കായുള്ള ഒരു സ്ത്രീയുടെ അഭിലാഷത്തിനു തടസ്സമായിക്കൂടെന്നും ഹൈക്കോടതി. സാഹചര്യങ്ങള്‍ക്കനുസരിച്ചു, യാഥാര്‍ഥ്യ ബോധത്തോടെ വേണം ലിംഗസമത്വം നടപ്പാക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. 

റേഡിയോ ഡയഗ്നോസിസ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, മറ്റേണിറ്റി അവധിയില്‍ ആയതിനാല്‍ നിശ്ചിത യോഗ്യതയായ ഒരു വര്‍ഷ പ്രവൃത്തിപരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ പുരുഷനും സ്ത്രീയും പങ്കാളികളാണെങ്കിലും പുരുഷന് ഗര്‍ഭധാരണത്തിന്റെ ഭാരമില്ല. അതുകൊണ്ടുതന്നെ നിയമനങ്ങളിലും മറ്റു സ്ത്രീയേക്കാള്‍ മുന്നിലെത്താനാവുന്നു. ഗര്‍ഭധാരണം, പ്രസവം എന്നിവയൊക്കെ സ്ത്രീയെ പിന്നിലാക്കുന്ന അവസ്ഥയുണ്ടെന്ന് കോടതി പറഞ്ഞു.

മാതൃത്വത്തിലൂടെ സ്ത്രീ പിന്നിലാക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നതു ലിംഗ വിവേചനമാണ്. ലിംഗ സമത്വം എന്നാല്‍ ഇതുകൂടി പരിഗണിച്ചുകൊണ്ടാവണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാതൃത്വം സര്‍ക്കാര്‍ ജോലിയെന്ന സ്ത്രീയുടെ അഭിലാഷത്തിനു വിഘാതമാവുന്ന സാഹചര്യം ഇല്ലാതാവണം. ഇത്തരം യാഥാര്‍ഥ്യങ്ങളെ നിയമവും ചട്ടവും ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

മറ്റേണിറ്റി അവധിയില്‍ ആയതിനാല്‍ നിശ്ചിത യോഗ്യതയായ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഡോ. ആതിരയും കൊല്ലം സ്വദേശി ഡോ. ആര്യയുമാണ് കോടതിയെ സമീപിച്ചത്. എഴുത്തു പരീക്ഷയാവുമ്പോഴേക്കും നിശ്ചിത പ്രവൃത്തിപരിചയം നേടാമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അഡ്മിനസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും പിഎസ് സി നിര്‍ദേശിക്കുന്ന സമയത്തില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന വ്യവസ്ഥയില്‍, തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അനുമതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com