'ഇയാള്‍ മരിച്ചുകിട്ടാത്തതെന്തന്ന് ചോദിച്ചവര്‍ നിങ്ങളുടെ കൂട്ടത്തില്‍ തന്നെയില്ലേ?'; ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഒരിടത്ത് സംഭവിച്ചത് ഒരാള്‍ ക്യാമറയും കൊണ്ട് സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി തള്ളിവരികയാണ്. അയാളെ ഗണ്‍മാന്‍ തള്ളിമാറ്റുന്നത് ഞാന്‍ കണ്ടതാണ്. അതാണ് മാധ്യമങ്ങള്‍ കഴുത്തിന് പിടിച്ച് തള്ളലാക്കിയത്
പിണറായി വിജയന്‍
പിണറായി വിജയന്‍

പത്തനംതിട്ട:  തന്റെ അംഗരക്ഷകര്‍ പ്രതിഷേധക്കാരെ മാറ്റിയത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംഗരക്ഷകര്‍ തനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നില്‍ക്കുന്നവരാണ്. തനിക്ക് സുരക്ഷയൊരുക്കേണ്ടത് അവരുടെ ചുമതലയാണ്. ഒരുപാട് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇയാള്‍ മരിച്ചുകിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടല്ലോ?. അങ്ങനെയുള്ള വികാരത്തോടെയുള്ള ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റുമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

'എന്റെ കൂടെയുള്ള അംഗരക്ഷകര്‍ എനിക്കൊന്നും സംഭവിക്കരുതെന്ന് കരുതി കൂടെ നില്‍ക്കുന്നവരാണ്. ഒരിടത്ത് സംഭവിച്ചത് ഒരാള്‍ ക്യാമറയും കൊണ്ട് സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി തള്ളിവരികയാണ്. അയാളെ ഗണ്‍മാന്‍ തള്ളിമാറ്റുന്നത് ഞാന്‍ കണ്ടതാണ്. അതാണ് മാധ്യമങ്ങള്‍
കഴുത്തിന് പിടിച്ച് തള്ളലാക്കിയത്' -പിണറായി പറഞ്ഞു. 

എത്രയോ ക്യാമറക്കാര്‍ നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നില്ലേ. അങ്ങനെ ആരെങ്കിലും ചെയ്യാറുണ്ടോ?. പിന്നിലേക്ക് വന്ന ഘട്ടത്തിലാണ് ഗണ്‍മാന്‍ അയാളെ തള്ളിമാറ്റിയത്. അത് സ്വാഭാവികമാണ്. അതിനല്ലേ അയാള്‍ ഡ്യൂട്ടിക്കുള്ളത്. ഒരുപാട് വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇയാള്‍ മരിച്ചുകിട്ടാത്തതെന്ത് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടല്ലോ?. അങ്ങനെയുള്ള വികാരത്തോടെയുള്ള ആളുകള്‍ പാഞ്ഞടുത്താല്‍ സ്വാഭാവികമായും ഇത്തരക്കാരെ മാറ്റും. അതിന്റെ അര്‍ഥം നിങ്ങള്‍ എല്ലാവരും താന്‍ അപകടത്തില്‍പ്പെടണമെന്ന് കരുതുന്നവരല്ല, നിങ്ങളില്‍ അത്തരത്തില്‍ ചിന്തിക്കുന്നവരുമുണ്ട്'- പിണറായി പറഞ്ഞു. 

'ആരോഗ്യകരമായ ബന്ധമാണ് ഉണ്ടാവേണ്ടതെന്ന് എത്ര ആഗ്രഹിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാക്കൂ എന്ന് ചിന്തിച്ച് നടക്കുന്ന ആളുകള്‍ ഉണ്ടല്ലോ?. അതിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത്. അല്ലെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ നവകേരള സദസിന് മുന്നിലേക്ക് കരിങ്കൊടിയുമായി ആരെങ്കിലും വരുമോ?.  കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ നമ്മുടെ സംസ്ഥാനം സുപ്രീം കോടതിവരെ പോയല്ലോ?. പ്രതിപക്ഷ സഹകരണം ആഭ്യര്‍ഥിച്ചപ്പോള്‍ നിങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. കേന്ദ്രം നല്‍കേണ്ടുന്ന ഫണ്ട് ലഭിച്ചില്ലെങ്കില്‍ നമ്മുടെ നാടിന്റെ ഭാവിയെന്താകും' പിണറായി ചോദിച്ചു

നവകേരള സദസ് ഏതെങ്കിലും ഒരുപാര്‍ട്ടിക്ക് വേണ്ടിയാണോ?  യുഡിഎഫ് എല്‍ഡിഎഫ് എന്ന നിലയില്‍ വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകും. അതൊക്കെ നമുക്ക് ആളുകളുടെ മുന്നില്‍ പറയാം. ഏതാണ് ശരിയെന്ന് അവര്‍ തീരുമാനിക്കട്ടെ. എന്നാല്‍  മാധ്യമങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ല. നിങ്ങള്‍ നാടിന് വേണ്ടി നില്‍ക്കുന്നവരാണെന്ന് പറയും. ഇതൊന്നും നിങ്ങള്‍ കാണില്ലെന്നും പിണറായി പറഞ്ഞു. നിങ്ങള്‍ എന്തിനാണ് ഇങ്ങനെയൊരു പ്രത്യേകമനോഭാവവും കൊണ്ടുനടക്കേണ്ട കാര്യം. എന്താണ് ഈ നാടിനെതിരെ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?. ഈ നാടിന് വേണ്ടിയല്ലേ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്?. ഇന്ന വീഴ്ചയുണ്ടെന്നല്ലേ നിങ്ങള്‍ പറയേണ്ടത്?. എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്?. എന്തുകൊണ്ട് പ്രതിപക്ഷത്തിന്റെ നിഷേധാത്മകസമീപനത്തെ കുറിച്ച് മിണ്ടാത്തത്?. നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്' - മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com