പത്തുദിവസത്തെ ഭീതി അകന്നു; വയനാട്ടിലെ നരഭോജി കടുവ കൂട്ടില്‍

കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി, പത്താം ദിവസമാണ്, കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഡബ്ല്യുഡബ്ല്യുഎല്‍ 45 എന്ന കടുവ കുടുങ്ങിയത്.  

നേരത്തേ കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാന്‍ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചു. അനുയോജ്യമായ സ്ഥലത്ത് എത്തിയാല്‍ കടുവയെ വെടിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.അതേസമയം, കര്‍ഷകനെ കൊന്ന കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. കെണിയില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ ഇവിടെനിന്നു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്

ഞായറാഴ്ച രാത്രിയും കല്ലൂര്‍ക്കുന്നില്‍നിന്നു അകലെ വട്ടത്താനി ഭാഗത്ത് കടുവയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടെ, വാകേരിയില്‍നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ഞാറ്റാടിയില്‍ വാകയില്‍ സന്തോഷിന്റെ അഞ്ചുമാസം ഗര്‍ഭമുള്ള പശുവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. കാല്‍പാടുകള്‍ പരിശോധിച്ചാണ് നരഭോജി കടുവയാണ് കല്ലൂര്‍ക്കുന്നില്‍ പശുവിനെ കൊന്നതെന്നു വനസേന സ്ഥിരീകരിച്ചത്. 

ഉത്തര മേഖല സിസിഎഫ് കെഎസ്ദീപയുടെ മേല്‍നോട്ടത്തില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന കരീം, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അരുണ്‍ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസ് തുടങ്ങിയവരാണ് ദൗത്യത്തിനു നേതൃത്വം നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com