തലസ്ഥാനത്ത് തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ് ജലപീരങ്കി

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുള്ള പ്രതിഷേധം
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുള്ള പ്രതിഷേധം

തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസും സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌  യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചതോടെയാണ്‌ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
 
പൊലീസിന് നേരെ യൂത്ത് പ്രവര്‍ത്തകര്‍ ചെരുപ്പ് എറിയുകയും പൊലീസിന്റെ ഷീല്‍ഡ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു.  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു. 

അറസ്റ്റ് ചെയ്ത് ബസില്‍ കയറ്റിയ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ നിന്ന് തിരിച്ചിറക്കി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൂടുതല്‍ പൊലീസ് സംഘം സെക്രേട്ടറിയറ്റ് പരിസരത്തേക്ക് എത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന് പുറമെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. കൊച്ചിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ അതിശക്ത നടപടി ഉണ്ടായില്ലെങ്കില്‍, ഇതുവരെ കണ്ട പ്രതിഷേധമായിരിക്കില്ല ഇനി കാണുകയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്. മലപ്പുറം വണ്ടൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വയനാട്ടിലും പാലക്കാട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com