എറണാകുളം-അങ്കമാലി അതിരൂപതയില്‍ ക്രിസ്മസിന് സമ്പൂര്‍ണ സിനഡ് കുര്‍ബാന; സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറക്കും

രണ്ട് വര്‍ഷത്തിലേറെയായി സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്ക അടച്ചിട്ടിരിക്കുകയായിരുന്നു. 
സെന്റ് മേരീസ് ബസിലിക്ക/ഫയല്‍
സെന്റ് മേരീസ് ബസിലിക്ക/ഫയല്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തില്‍ സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ വത്തിക്കാന്‍ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്ക ക്രിസ്മസിനോട് അനുബന്ധിച്ച് തുറക്കാനും ധാരണയായി. രണ്ട് വര്‍ഷത്തിലേറെയായി സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്ക അടച്ചിട്ടിരിക്കുകയായിരുന്നു. 

കത്തീഡ്രല്‍ ബസലിക്കയില്‍ ആദ്യ ഏകീകൃത കുര്‍ബാന ക്രിസ്മസ് ദിനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആണ് അര്‍പ്പിക്കുക. ഫാ. ആന്റണി പൂതവേലിയെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തും. അതിരൂപത കൂരിയ അംഗങ്ങള്‍ സഹകാര്‍മികരാകും. തീര്‍ഥാടന കേന്ദ്രങ്ങളില്‍ മറ്റ് രൂപതകളില്‍ നിന്നുവരുന്ന വൈദികര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. എറണാകുളം അതിരൂപതയില്‍ വരുന്ന ബിഷപ്പ്മാര്‍ക്കും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ അനുമതിയുണ്ട്. മൈനര്‍ സെമിനാരിയിലും സന്യാസ ഭവനങ്ങളിലും ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാമെന്നും അതിരൂപതയുടെ നിര്‍ദേശമുണ്ട്.

ഈസ്റ്റര്‍ വരെ  ജനാഭിമുഖ കുര്‍ബാനയും ഏകീകൃത കുര്‍ബാനയും നടത്താന്‍ അനുവദിക്കണമെന്നാണ് അതിരൂപതയുടെ ആവശ്യം. ഈസ്റ്റര്‍ മുതല്‍ സമ്പൂര്‍ണ ഏകീകൃത കുര്‍ബാനയിലേക്ക് മാറാമെന്നും നിര്‍ദ്ദേശമുണ്ട്. ധാരണാനിര്‍ദേശങ്ങള്‍ വത്തിക്കാന്‍ തള്ളിയാല്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകും. അങ്ങനെയെങ്കില്‍ സിറോ മലബാര്‍ സഭയില്‍ ജനാഭിമുഖ കുര്‍ബാന വിലക്കി മാര്‍പ്പാപ്പ ഉത്തരവിറക്കും. ഇതോടെ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കുന്നവര്‍ക്കും വിലക്കുണ്ടാകും. 

പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.  എന്നാല്‍ സമ്പൂര്‍ന്ന ഏകീകൃത കുര്‍ബാന ഡിസംബര്‍ 25 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പൂര്‍ണമായും നടപ്പാക്കണമെന്ന മാര്‍പാപ്പായുടെ നിര്‍ദ്ദേശം മാറ്റാന്‍ വത്തിക്കാന്‍ തയാറായേക്കില്ല. ഇന്ന് വത്തിക്കാന്‍ കാര്യാലയങ്ങള്‍ അവധിയായതിനാല്‍ തീരുമാനം നാളെയേ ഉണ്ടാവൂ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com