'അന്വേഷണത്തില്‍ വിശ്വാസമില്ല', എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരായ കേസ്; റിപ്പോര്‍ട്ട് തേടി ഡിജിപി 

എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി
പൊലീസ് സ്റ്റേഷൻ പ്രതിഷേധം/ടെലിവിഷൻ സ്ക്രീൻഷോട്ട്
പൊലീസ് സ്റ്റേഷൻ പ്രതിഷേധം/ടെലിവിഷൻ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി റിപ്പോര്‍ട്ട് തേടിയത്. 

എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനമേറ്റ, കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജിലെ നിയമ വിദ്യാര്‍ഥിനിക്കെതിരെ ഇതുവരെ മൂന്ന് കേസുകളാണ് എടുത്തത്. ആറന്മുള പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തുടര്‍ നടപടി എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. 

പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിനിക്കെതിരെ സഹപാഠിയായ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം മൂന്നാമതും കേസെടുത്തത്. പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണ നിയമപ്രകാരമായിരുന്നു കേസ്. ഈ കഴിഞ്ഞ 20നാണ് കോളജില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. 

ഇതില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. മൂന്നു ദിവസമായിട്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതില്‍ വിദ്യാര്‍ഥിനിയും ഒപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ എസ് യു പ്രവര്‍ത്തകരും ആറന്മുള പൊലീസ് സ്റ്റേഷനുള്ളില്‍ പ്രതിഷേധിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കുന്നത്. 

എന്നാല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിന് പെണ്‍കുട്ടിയടക്കം യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതാണ് പെണ്‍കുട്ടിക്കെതിരായ ആദ്യ കേസ്. ഇതിന് പിന്നാലെ പെണ്‍കുട്ടി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ പ്രവര്‍ത്തകയായ മറ്റൊരു വിദ്യാര്‍ഥിനിയുടെ പരാതിയിലും പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ മൂന്ന് കേസുകളാണ് വിദ്യാര്‍ഥിനിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com