പത്തനംതിട്ട: മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക.
41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. രാവിലെ ഒൻപതരയോടെ നെയ്യഭിഷേകം പൂർത്തിയാക്കി മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലായിരുന്നു തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. രാത്രി അത്താഴപൂജയ്ക്കു ശേഷം മേൽശാന്തി പി.എൻ.മഹേഷ് അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും മുദ്രവടിയും ചാർത്തി ധ്യാനത്തിലാക്കി നടയടച്ചു.
ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്ന് നട അടയ്ക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക