സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, സ്‌ക്രീന്‍ഷോട്ട്
സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, സ്‌ക്രീന്‍ഷോട്ട്

'ആശുപത്രിയില്‍ തന്റെ കാലില്‍ വീണ് മാപ്പുപറഞ്ഞു, കേസില്‍ പ്രതിയായപ്പോള്‍ നിലപാട് മാറ്റി'; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട് 

തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ഡോ. ഗണേഷ് മോഹന്‍ ആരോപിച്ചു
Published on

കൊച്ചി:  കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ പ്രതിയും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമായ അനില്‍കുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കളമശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ഡോ. ഗണേഷ് മോഹന്‍ ആരോപിച്ചു. അനിലിന്റെ തെറ്റ് കണ്ടുപിടിച്ചത് താനാണ്. അതിലുള്ള വൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഗണേഷ് മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ ക്ഷമിക്കണമെന്നാണ് അനില്‍ തന്നോട് പറഞ്ഞത്. അനില്‍ ആശുപത്രിയില്‍ തന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കേസില്‍ പ്രതിയായപ്പോള്‍ അനില്‍ നിലപാട് മാറ്റിയെന്നും ഗണേഷ് മോഹന്‍ പറഞ്ഞു. 

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ സ്ഥിരമായി ആശുപത്രിയില്‍ ചികിത്സ തേടി വരുന്നയാളാണ്. ചികിത്സയിലായിരുന്നത് കൊണ്ട് ഒരു ദിവസം പ്രൈവറ്റ് സെക്രട്ടറിയുടെ മകന് കോളജില്‍ പോകാന്‍ സാധിച്ചില്ല. ഒരു ദിവസത്തേയ്ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞു. സ്ഥിരമായി ചികിത്സ തേടി വരുന്നയാള്‍ എന്ന നിലയിലാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കി എന്ന ആരോപണത്തിന് മറുപടിയായി ഗണേഷ് മോഹന്‍ പറഞ്ഞു.

കാന്റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട അനില്‍ കുമാറിന്റെ ആരോപണവും സൂപ്രണ്ട് തള്ളി. മെഡിക്കല്‍ കോളജിന്റെ കാന്റീന്‍ ഇ- ടെന്‍ഡര്‍ വഴിയാണ് വിളിക്കുന്നത്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി നിശ്ചയിച്ച തുക തന്നെയാണ് വാടകയായി വാങ്ങുന്നത്. ഇ-ടെന്‍ഡര്‍ വിളിച്ച് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി നിശ്ചയിച്ച തുക വാടകയായി വാങ്ങുന്നതില്‍ താന്‍ എന്തു അഴിമതി നടത്താന്‍ ആണെന്നും അദ്ദേഹം ചോദിച്ചു.

ഡോ. ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നായിരുന്നു അനില്‍കുമാറിന്റെ മുഖ്യ ആരോപണം. തന്നെ ബലിയാടാക്കി രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അനില്‍ കുമാര്‍ ആരോപിച്ചു. സര്‍ട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച അപേക്ഷ ആശുപത്രി ജീവനക്കാരന്‍ എത്തിച്ചു നല്‍കി. സൂപ്രണ്ട് നിര്‍ദേശിച്ചുവെന്ന് പറഞ്ഞതിനാലാണ് ജീവനക്കാരി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നുമാണ് അനില്‍കുമാര്‍ ആരോപിച്ചത്.  

സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അനില്‍ കുമാറിനെതിരെ കേസെടുത്ത് കളമശേരി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജ രേഖ ചമയ്ക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com