മുംബൈയിലും ബംഗലൂരുവിലും ഡാന്‍സ് ബാറുകള്‍, സിനിമയിലും കള്ളപ്പണ നിക്ഷേപം; പ്രവീണ്‍ റാണയുടെ തട്ടിപ്പ് 150 കോടിയിലേറെയെന്ന് പൊലീസിന്റെ നിഗമനം

നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുനെ, മുംബൈ, ബെംഗലൂരു എന്നിവിടങ്ങളിലേക്ക് കടത്തിയെന്നാണ് സൂചന
പ്രവീണ്‍ റാണ/ സോഷ്യല്‍ മീഡിയ
പ്രവീണ്‍ റാണ/ സോഷ്യല്‍ മീഡിയ

തൃശൂര്‍: സേഫ് ആന്റ് സ്‌ട്രോങ്ങ് തട്ടിപ്പു കേസിലെ പ്രതി പ്രവീണ്‍ റാണ, നിക്ഷേപകരെ കബളിപ്പിച്ച്  സ്വന്തമാക്കിയ പണം ഡാന്‍സ് ബാറുകളിലും സിനിമയിലും നിക്ഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പ്രവീണ്‍ റാണയുടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കവിയാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വന്‍ പണക്കാരനാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഇയാള്‍ റിസോര്‍ട്ടും നടത്തിയിരുന്നു. 

നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുനെ, മുംബൈ, ബെംഗലൂരു എന്നിവിടങ്ങളിലേക്ക് കടത്തിയെന്നാണ് സൂചന. ഇവിടങ്ങളിലെ ഡാന്‍സ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലുമാണ് ഈ പണം നിക്ഷേപിച്ചത്. പുനെയില്‍ 4 ഡാന്‍സ് ബാറുകളിലും മുംബൈയിലും ബെംഗലൂരുവിലും ഓരോ ഡാന്‍സ് ബാറുകളിലും പ്രവീണിന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

സിനിമയിലും കള്ളപ്പണ നിക്ഷേപം

കൊച്ചി നഗരത്തിലെ ഹോട്ടല്‍ ബിസിനസുകാരനുമായി പ്രവീണിന് പണമിടപാടുകളുണ്ട്. റാണയുടെ ഹോട്ടല്‍ ബിസിനസ് പങ്കാളിയെ പൊലീസ് ചോദ്യം ചെയ്തു. പ്രവീണ്‍ നായകനായി അഭിനയിച്ച ചോരന്‍ എന്ന സിനിമയിലും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തൃശൂര്‍ റൂറല്‍ പൊലീസില്‍ എഎസ്‌ഐ ആയ സാന്റോ ആണ് ചിത്രം സംവിധാനം ചെയ്തത്. തൃശൂര്‍, കൊച്ചി സിറ്റി പൊലീസിലെ പലരുമായും പ്രവീണ്‍ വ്യക്തിപരമായ അടുപ്പം പുലര്‍ത്തിയിരുന്നതായും ആക്ഷേപമുണ്ട്. 

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റിസോര്‍ട്ട്

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് റാണാസ് റിസോര്‍ട്ട് പ്രവീണ്‍ നടത്തിയത്. അരിമ്പൂര്‍ സ്വദേശികളായ നാലുപേരുടെതാണ് ഈ റിസോര്‍ട്ട്. അവരുടെ പക്കല്‍നിന്ന് പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് റിസോര്‍ട്ട് പ്രവീണ്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. സൂര്യ എന്ന പേര് റാണാസ് റിസോര്‍ട്ട് എന്നാക്കി മാറ്റുകയും ചെയ്തു. ആറരക്കോടി രൂപയ്ക്ക് വാങ്ങിയതാണെന്നാണ് പ്രവീണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാസവാടക മുടങ്ങിയതോടെ റിസോര്‍ട്ട് ഉടമകള്‍ പ്രവീണിനെ പുറത്താക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com