യേശുദാസിന് ഇന്ന് 83ാം പിറന്നാള്‍; കൊച്ചിയില്‍ വിപുലമായ ആഘോഷം; ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനയുമായി സുഹൃത്തുക്കള്‍

യേശുദാസിന്റെ ആയുരാരോഗ്യത്തിനായി സുഹൃത്തുക്കള്‍ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തി.
കെജെ യേശുദാസ്‌
കെജെ യേശുദാസ്‌

കൊച്ചി: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് ഇന്ന് 83 വയസ്. ജന്മദിനാഘോഷം ഇത്തവണ കൊച്ചിയില്‍ നടക്കും. ഇക്കുറി കൊല്ലൂരില്‍ ആഘോഷങ്ങളില്ല. വര്‍ഷങ്ങളായി കൊല്ലൂരിലാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. മമ്മൂട്ടി, മന്ത്രി പി രാജീവ്, ഗായകര്‍, ഗാനരചയിതാക്കാളുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ ആഘോഷങ്ങള്‍.

യേശുദാസിന്റെ ആയുരാരോഗ്യത്തിനായി സുഹൃത്തുക്കള്‍ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തി. അദ്ദേഹത്തിന്റെ ജന്മദിനം സുഹൃത്തുക്കള്‍ക്കുള്ളതാണെന്ന് യേശുദാസിന്റെ അടുത്ത ചങ്ങാതിയായ ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി പറഞ്ഞു. ജന്മദിനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഗീതമാണ് യേശുദാസിന്റെ ശ്വാസം. അദ്ദേഹം മിക്കാവാറും എല്ലാ ദിവസങ്ങളിലും എന്നെ വിളിക്കുകയും സംഗീതത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അദ്ദേഹം ഒരുരാഗം പാടി എന്നോട് പാടാന്‍ ആവശ്യപ്പെടും. ഇത്രയും വലിയ ഗായകന്റെ സുഹൃത്ത് ആവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ഗോവിന്ദന്‍ കുട്ടി പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി മ്യൂസിക് അക്കാദമിയില്‍ വച്ചാണ് യേശുദാസിനെ കണ്ടുമുട്ടിയത്. 1960ല്‍ ഫസ്റ്റ് ക്ലാസോടെ ബിരുദം നേടിയ ശേഷം താന്‍ അവിടുത്തെ അധ്യാപകനായി. യേശുദാസ് ഗായകനായി തന്റെ ജോലി തുടര്‍ന്നു.  'ആര്‍എല്‍വിയില്‍ ഏഴ് പുരുഷന്മാരും 15 സ്ത്രീകളും വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഞാനും യേശുദാസും മാത്രം അവശേഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്ററിലെ പരിപാടിയില്‍ യേശുദാസ് ഓണ്‍ലൈനായി പങ്കെടുക്കും. ലഹരിവിരുദ്ധ സന്ദേശവും നല്‍കും. യേശുദാസിന്റെ പുതിയ ആല്‍ബം 'തനിച്ചൊന്നു കാണാന്‍' 10ന് നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്യും. 11നു സംഗീത, സാഹിത്യ, സിനിമ, രാഷ്ട്രീയ മേഖലകളിലുള്ളവര്‍, യേശുദാസിന്റെ സഹപാഠികള്‍, സഹകലാകാരന്മാര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നു കേക്കു മുറിക്കും. തുടര്‍ന്നു ഗായക സംഘടനയായ 'സമ'ത്തിന്റെ നേതൃത്വത്തില്‍ എം.ജി.ശ്രീകുമാര്‍, ഉണ്ണി മേനോന്‍, വിജയ് യേശുദാസ്, സുദീപ്കുമാര്‍ എന്നിവര്‍ നയിക്കുന്ന ആശംസാ ഗീതാഞ്ജലി.

ഗാനരചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ആര്‍.കെ.ദാമോദരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഷിബു ചക്രവര്‍ത്തി, സംഗീത സംവിധായകരായ വിദ്യാധരന്‍, ബേണി ഇഗ്‌നേഷ്യസ്, ശരത്, ടിഎസ് രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിറന്നാള്‍ മംഗളം. ലീന്‍ തോബിയാസ് പകര്‍ത്തിയ 83 യേശുദാസ് ചിത്രങ്ങളുടെ പ്രദര്‍ശനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ വയോജന കേന്ദ്രത്തിലുള്ളവര്‍ക്കും അതിഥികള്‍ക്കും യേശുദാസ് അക്കാദമി അംഗങ്ങള്‍ക്കുമായി സദ്യയൊരുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com