അമ്മയെ അവസാനമായി കാണാന്‍ പിഞ്ചുമക്കള്‍ എത്തും; പൊലീസ് ഇടപെടലില്‍ വഴങ്ങി ഭര്‍തൃവീട്ടുകാര്‍

അമ്മയുടെ മൃതദേഹം കാണിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ മക്കളെ വിടാത്തത് ചര്‍ച്ചയായതോടെ, മക്കളെ വിടാന്‍ ധാരണ
ആശ
ആശ

തൃശൂര്‍: അമ്മയുടെ മൃതദേഹം കാണിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ മക്കളെ വിടാത്തത് ചര്‍ച്ചയായതോടെ, മക്കളെ വിടാന്‍ ധാരണ. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആശയുടെ മൃതദേഹം കാണിക്കാന്‍ മക്കളെ വിടാന്‍ ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചത്. 

തൃശൂര്‍ പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് ഭര്‍തൃവീട്ടുകാര്‍ രമ്യതയിലെത്തിയത്. കുന്നിക്കുരു കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് ആശ മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആശ മരിച്ചതെന്നാണ് ആശയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.

ആശയുടെ സംസ്‌കാരം ഇന്ന് രാവിലെ പത്തുമണിക്കാണ് നിശ്ചയിച്ചിരുന്നത്. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആശയുടെ പത്തും നാലും വയസുള്ള ആണ്‍കുട്ടികളെ വിട്ടുതരണമെന്ന് ആശയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുട്ടികളെ കൊണ്ടുവരില്ല എന്ന നിലപാടിലായിരുന്നു സന്തോഷിന്റെ കുടുംബം. കുട്ടികള്‍ എത്താതിരുന്നതോടെ, അന്ത്യകര്‍മ്മങ്ങള്‍ വൈകുന്നത് വാര്‍ത്തയായതോടെ വിവിധ കോണുകളില്‍ നിന്നാണ് ഇടപെടല്‍ വന്നത്. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ഇടപെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍തൃവീട്ടുകാരെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അമ്മയുടെ മൃതദേഹം കാണിക്കാന്‍ ധാരണയായത്. മൃതദേഹം കാണിച്ച ശേഷം ഉടന്‍ തന്നെ ഭര്‍തൃവീട്ടുകാര്‍ കുട്ടികളെ തിരികെ കൊണ്ടുപോകും. 

 നേരത്തെ, കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ കുട്ടികള്‍ വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞത്.' ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ വിട്ടുതരാന്‍ കുറെ പരിശ്രമിച്ചു. യാചിച്ചു. അവര്‍ കൊന്നുകളഞ്ഞതാണ് എന്റെ മകളെ. രണ്ടുദിവസമായി കാത്തുനില്‍ക്കുന്നു. ഇതുവരെ മോളെ നോക്കാന്‍ അവര്‍ വന്നിട്ടില്ല. സംസ്‌കരിക്കാന്‍ പറ്റാതെ മോളുടെ മൃതദേഹം ഇവിടെ ഇട്ടേക്കാണ്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് മകള്‍ മരിച്ചത്'- ആശയുടെ ബന്ധുക്കളുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com