'സെമിനാറിൽ പങ്കെടുക്കാത്തത് തിരിച്ചടിയല്ല; ലീ​ഗിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല'- എംവി ​ഗോവിന്ദൻ

ഭൂരിപക്ഷ, ന്യൂനപക്ഷ വർ​ഗീയ നിലപാടുള്ളവരും മൃദു ​ഹിന്ദുത്വ നിലപാടുള്ള കോൺ​ഗ്രസിനേയും മാറ്റി നിർത്തി ബാക്കി എല്ലാ വിഭാ​ഗക്കാരുമായി ഐക്യപ്പെട്ടു പോകണമെന്നാണ് ഇക്കാര്യത്തിലെ പാർട്ടി നിലപാട്
എംവി ​ഗോവിന്ദൻ/ ടെലിവിഷൻ ദൃശ്യം
എംവി ​ഗോവിന്ദൻ/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: ഏക സിവിൽ കോ‍ഡ് വിഷയത്തിൽ കോൺ​ഗ്രസിനു വ്യക്തമായ സമീപനമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഓരോ സംസ്ഥാനത്തും അവർക്ക് ഓരോ രീതിയിലാണ് സമീപനം. മാത്രമല്ല അവർ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യം ഉള്ളതു കൊണ്ടാണ് സെമിനാറിലേക്ക് കോൺ​ഗ്രസിനെ വിളിക്കേണ്ടതില്ല എന്നു പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. 

ലീ​ഗിനെ സംബന്ധിച്ച് അവർ യുഡിഎഫിന്റെ ഭാ​ഗമായി നിൽക്കുന്ന ഒരു പാർട്ടിയാണ്. ഒരു പാർട്ടിയെന്ന നിലയിൽ അവർക്ക് സെമിനാറിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്ന നിലപാടിലാണ് അവരിപ്പോൾ എത്തിച്ചേർന്നിട്ടുള്ളത്. അവർ പങ്കെടുക്കാത്തത് പാർട്ടിക്ക് തിരിച്ചടിയല്ല. ലീ​ഗിൽ ഭിന്നിപ്പുണ്ടാക്കാനും തങ്ങൾ ശ്രമിച്ചിട്ടില്ല. സിപിഎമ്മിനെ സംബന്ധിച്ചു ഈ വിഷത്തിന്റെ തുടക്കം മാത്രമാണ് ഇത്. 

ഭൂരിപക്ഷ, ന്യൂനപക്ഷ വർ​ഗീയ നിലപാടുള്ളവരും മൃദു ​ഹിന്ദുത്വ നിലപാടുള്ള കോൺ​ഗ്രസിനേയും മാറ്റി നിർത്തി ബാക്കി എല്ലാ വിഭാ​ഗക്കാരുമായി ഐക്യപ്പെട്ടു പോകണമെന്നാണ് ഇക്കാര്യത്തിലെ പാർട്ടി നിലപാട്. ആ നിലപാടിന്റെ ഭാ​ഗമായാണ് ദേശീയ സെമിനാറു പോലെ പരിപാടി സംഘടിപ്പിക്കുന്നത്. സെമിനാർ സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 

വിവിധ വിഭാ​ഗങ്ങൾ ഈ സെമിനാറിന്റെ ഭാ​ഗമാകും. മുസ്ലിം സമുദായം, ക്രിസ്തീയ ജന വിഭാ​ഗത്തിലെ വളരെ ആരാധ്യരായ വ്യക്തികൾ, പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി വിഭാ​ഗം, വീരഭദ്രനെ പോലെയുള്ള പ്രമുഖരടക്കമുള്ളവരും ഇതിന്റെ ഭാ​ഗമാകുന്നു. അങ്ങനെ എല്ലാ വിഭാ​ഗത്തിലുമുള്ള ഒരു വലിയ ഐക്യമാണ് ഈ വരുന്ന 15നു കോഴിക്കോട് നടക്കുന്ന സെമിനാറിന്റെ ഭാ​ഗമായി ഉണ്ടാകുക. 

ഇന്ത്യയെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഹിന്ദുത്വ രാഷ്ടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡ് ബിജെപിക്ക് താത്പര്യമില്ല. പിന്നിലെ ഉദ്ദേശം ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ്. അവർ പറഞ്ഞ മൂന്നാമത്തെ കാര്യമാണിത്. അയോധ്യയിൽ രാമക്ഷേത്രം അവർ പൂർത്തിക്കാൻ ഒരുങ്ങുന്നു. മറ്റൊന്നു കശ്മീരിന്റെ 370ാം വകുപ്പ് എടുത്തു കളഞ്ഞത്. മൂന്നാമത്തെ കാര്യമാണ് ഏക സിവിൽക്കോഡ്. പിന്നിലെ ഉദ്ദേശം വർ​ഗീയ ധ്രൂവീകരണം മാത്രമാണെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. 

ചാതുർവർണ്യം നടപ്പിലാക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. ഫാസിസത്തിലൂടെ മാത്രമേ അതു നടപ്പാക്കാൻ സാധിക്കു. പാർട്ടി ഫാസിസത്തിലേക്കുള്ള യാത്രയെ തടയാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ തുടക്കം മാത്രമേ അയിട്ടുള്ളു. അതിന്റെ പ്രതിരോധ മാർ​ഗമെന്ന നിലയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 

ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകള്‍ നടത്തും. കേരളത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകള്‍ നടക്കാന്‍ പോവുകയാണ്. അതില്‍  പങ്കെടുക്കാവുന്ന എല്ലാവരേയും അണി നിരത്താനാണ് ഉദ്ദേശിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com