'തല പിടിച്ച് തറയില്‍ ശക്തിയായി ഇടിച്ചു'; അങ്കമാലിയില്‍  തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം, രണ്ടുപേര്‍ പിടിയില്‍ 

അങ്കമാലി എളവൂര്‍ കവലയില്‍ വാടക വീട്ടില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
അറസ്റ്റിലായ പ്രതികള്‍
അറസ്റ്റിലായ പ്രതികള്‍

കൊച്ചി: അങ്കമാലി എളവൂര്‍ കവലയില്‍ വാടക വീട്ടില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. 50കാരനായ കണ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് സ്വദേശികളായ തിരുയെന്‍ഗാമല തിരുമൈലൂര്‍ അരവിന്ദന്‍(59), തിരുവള്ളൂര്‍ മാരിയമ്മന്‍ കോവില്‍ നാഗമണി (42) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.എളവൂര്‍ കവല ഭാഗത്തെ പെട്രോള്‍ പമ്പിനു സമീപം വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീട്ടിലാണ് കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

തുടക്കത്തില്‍ മരണ കാര്യത്തില്‍ സംശയം ഉണ്ടായിരുന്നെങ്കിലും മൃതദേഹത്തില്‍ പരിക്കുകള്‍ ഒന്നും കാണപ്പെട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചത്.  മരണകാരണം തലയോട്ടി പൊട്ടിയതു കൊണ്ടാണെന്നും ശക്തിയായി ഭിത്തിയിലോ തറയിലോ തലയടിച്ചാല്‍ പരിക്ക് ഉണ്ടാകാമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. 

തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ പി ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍  അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തില്‍ കണ്ണന്റെ മരണ സമയത്ത് കൂടെ രണ്ട് പേര്‍ ഉണ്ടായിരുന്നതായി  വിവരം കിട്ടി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം തെളിഞ്ഞത്. ഇരുവരും കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

രണ്ട് പ്രതികളും മദ്യപിച്ച ശേഷം കണ്ണന്‍ താമസിക്കുന്ന മുറിയില്‍ അതിക്രമിച്ച് കയറി തറയില്‍ കിടന്നിരുന്ന കണ്ണന്റെ മുഖത്തടിച്ചു. തുടര്‍ന്ന് , തലപിടിച്ച് തറയില്‍ ശക്തിയില്‍ ഇടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് തലയോട്ടിയുടെ ഉള്‍ഭാഗത്ത് പൊട്ടലും ബ്ലീഡിങ്ങുമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മുന്‍പ് അങ്കമാലി ഭാഗത്തുള്ള കള്ള് ഷാപ്പിന് മുന്‍വശം വച്ച്  കണ്ണനുമായി അടിപിടി കൂടിയതിന്റെ വൈരാഗ്യം നാഗമണിയ്ക്കുണ്ടായിരുന്നു. പണിക്കൂലിയും, മദ്യത്തിന് പണം നല്‍കാത്തതിലുമുള്ള വൈരാഗ്യം അരവിന്ദനും ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com