കാന്‍സര്‍ തടയാന്‍ വേണ്ടത് ആശുപത്രികള്‍ കെട്ടിപ്പൊക്കലല്ല; എന്‍ട്രന്‍സ് രീതി ശരിയല്ലെന്നും ഡോക്ടര്‍ വിപി ഗംഗാധരന്‍

സെര്‍വിക്കല്‍ കാന്‍സറിന് വാക്‌സിന്‍ ഫലപ്രദമാണെന്ന് ഡോക്ടര്‍ ഗംഗാധരന്‍ പറഞ്ഞു
ഡോ. വിപി ​ഗം​ഗാധരൻ/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
ഡോ. വിപി ​ഗം​ഗാധരൻ/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

കൊച്ചി: നിലവിലെ എംബിബിഎസ് പ്രവേശന രീതിക്കെതിരെ ഡോക്ടര്‍ വിപി ഗംഗാധരന്‍. ഉയര്‍ന്ന സാമ്പത്തികം ഉള്ളവനു മാത്രമേ ഇപ്പോള്‍ എന്‍ട്രന്‍സ് ക്ലാസ്സുകളില്‍ പോയി പഠിക്കാനാകുന്നുള്ളൂ. ഇതുമൂലം ഉന്നത സാമ്പത്തിക നിലവാരമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ മാത്രം ഡോക്ടര്‍മാരാകുന്ന സ്ഥിതിയാണുള്ളത്. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സി'ല്‍ സംസാരിക്കുകയായിരുന്നു ഡോ. ഗംഗാധരന്‍.

'ഞാന്‍ പഠിക്കുന്ന കാലത്ത് പ്രീഡിഗ്രി മാര്‍ക്ക് ആയിരുന്നു പ്രധാന മാനദണ്ഡം. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പല തട്ടുകളില്‍പ്പെട്ടവരും എന്നോടൊപ്പം പഠിക്കാനുണ്ടായിരുന്നു. ഇത്തരത്തില്‍ എല്ലാ വിഭാഗക്കാരും ഉള്‍പ്പെടുന്നത് വളരെ പ്രധാനമാണെന്ന് കരുതുന്നു'. ഡോക്ടര്‍ ഗംഗാധരന്‍ വ്യക്തമാക്കി. 

സര്‍ക്കാര്‍ മേഖലയിലും പ്രൈവറ്റ് മേഖലയിലും സേവനസന്നദ്ധരായ നല്ല ഡോക്ടര്‍മാര്‍ നിരവധിയാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ നിലവിലുള്ള അധികാരക്രമങ്ങള്‍ ഒരു പ്രശ്‌നമാണ്. കാന്‍സര്‍ 5 മുതല്‍ 10 ശതമാനം വരെ മാത്രമേ പാരമ്പര്യമായി വരികയുള്ളൂ. അതും ചില പ്രത്യേക തരം കാന്‍സറുകള്‍. സ്തനാര്‍ബുദ കേസുകളില്‍ പാരമ്പര്യ ജീനുകളുടെ ട്രാക്ക് നമുക്ക് തിരിച്ചറിയാന്‍ കഴിയും.

സെര്‍വിക്കല്‍ കാന്‍സറിന് വാക്‌സിന്‍ ഫലപ്രദമാണെന്ന് ഡോക്ടര്‍ പറഞ്ഞു. പോസിറ്റീവ് ചിന്തകള്‍ രോഗമുക്തിയില്‍ വളരെ പ്രധാനമാണ്. രോഗപ്രതിരോധശക്തി മെച്ചപ്പെടാന്‍ ഇതു നല്ലതാണ്. ധ്യാനം, യോഗ, സംഗീതം തുടങ്ങിയയെല്ലാം നല്ല ഫലം ചെയ്യുന്നു. എന്നാല്‍ പ്രാര്‍ത്ഥന കൊണ്ടു മാത്രം കാന്‍സര്‍ മാറില്ല. കാന്‍സര്‍ രോഗബാധ കണ്ടെത്തിയാല്‍ അത് മറ്റുള്ളവരറിയാതെ ഒളിപ്പിച്ചുവെക്കുന്ന പ്രവണതയുണ്ട്. ഈ കാഴ്ചപ്പാട് മാറണമെന്നും ഡോക്ടര്‍ ഗംഗാധരന്‍ വ്യക്തമാക്കി. 

കാന്‍സര്‍ ചികിത്സയില്‍ സര്‍ക്കാരിന്റെ സമീപനത്തെ ഡോക്ടര്‍ ഗംഗാധരന്‍ വിമര്‍ശിച്ചു. കാന്‍സര്‍ ആശുപത്രികള്‍ നിര്‍മ്മിക്കുന്നതിനു പകരം സര്‍ക്കാര്‍ സ്ഥിരമായി പരിശോധനാ പരിപാടികള്‍ നടത്തണം. എന്നാല്‍ 15 മുതല്‍ 20 വര്‍ഷം കഴിയുമ്പോള്‍ മാത്രമേ ഇത്തരമൊരു സമീപനത്തിന്റെ ഫലം ദൃശ്യമാകൂ എന്നതിനാല്‍ സര്‍ക്കാരുകള്‍ ഇതിനോട് വിമുഖത കാണിക്കുന്നു. അവര്‍ക്ക് വേണ്ടത് കാന്‍സര്‍ ചികിത്സയ്ക്കുള്ള വലിയ കെട്ടിടമാണ്, അങ്ങനെ അവര്‍ക്ക് എന്തെങ്കിലും ചെയ്‌തെന്ന് കാണിക്കാനാകും. ഡോക്ടര്‍ ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com