പറഞ്ഞത് ബോധ്യമായ കാര്യം, അഡ്മിഷന്‍ മാഫിയയെ കുറിച്ച് അന്വേഷിക്കണം, വിസി മുന്‍പും രാഷ്ട്രീയം കളിച്ച ആള്‍: പി എം ആര്‍ഷോ 

എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അഡ്മിഷന്‍ മാഫിയ സംഘങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ
പി എം ആര്‍ഷോ മാധ്യമങ്ങളോട്
പി എം ആര്‍ഷോ മാധ്യമങ്ങളോട്

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അഡ്മിഷന്‍ മാഫിയ സംഘങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഒരു എസ്എഫ്‌ഐ നേതാവില്‍ മാത്രം അന്വേഷണം കേന്ദ്രീകരിക്കാതെ, വിവിധ കോണുകളില്‍ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ കുറിച്ച് അന്വേഷിക്കണം. ഇത്തരത്തില്‍ നിയമവിരുദ്ധമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സര്‍വകലാശാലകള്‍ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അടച്ചുപൂട്ടണമെന്നും പി എം ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍പ് തന്നെ ഇത്തരത്തിലുള്ള മാഫിയാ സംഘങ്ങളെ കുറിച്ച് എസ്എഫ്‌ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെ ഏറെ ഗൗരവത്തോടെ കാണണമെന്നാണ് മനസിലാക്കുന്നത്. കേരളത്തിലടക്കം കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടി കൊടുക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുക്കുന്നതിനും ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം മാഫിയ സംഘങ്ങളെ കുറിച്ച് അന്വേഷിക്കണം. ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ അടച്ചുപൂട്ടുകയും വേണം. പരീക്ഷ എഴുതിയാല്‍ മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വിവിധ സര്‍വകലാശാലകള്‍ കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കലിംഗ സര്‍വകലാശാല അത്തരത്തിലുള്ളതാണ്. യുകെ പോലുള്ള രാജ്യങ്ങളില്‍ ജോലിക്കോ, തുടര്‍പഠനത്തിനോ കലിംഗയുടെ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ല. നിരോധിച്ച സര്‍വകലാശാലകളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം സര്‍വകലാശാലയില്‍ പഠിക്കാന്‍ ഒരു എസ്എഫ്‌ഐകാരന്‍ പോകാമോ എന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ആര്‍ഷോ പറഞ്ഞു.

പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പറഞ്ഞത്. രണ്ടു രീതിയിലുള്ള പരിശോധനയാണ് നടത്തുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കും. രണ്ടാമതായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല നല്‍കുന്ന എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പറഞ്ഞത്. മറ്റുകാര്യങ്ങള്‍ പൊലീസ് അന്വേഷിക്കേണ്ടതാണ്. അത്തരം അന്വേഷണം നടക്കണമെന്നാണ് എസ്എഫ്‌ഐ ആഗ്രഹിക്കുന്നത്. അത്തരം അന്വേഷണത്തെ എസ്എഫ്‌ഐ സ്വാഗതം ചെയ്യുന്നതായും ആര്‍ഷോ പറഞ്ഞു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലുമായി അഭിപ്രായ വ്യത്യാസമുണ്ട്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 1989-91 കാലഘട്ടത്തില്‍ ഒരേ സമയം കേരളത്തിലും ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലും ഒരേ സമയം അദ്ദേഹം പിജി ചെയ്തതായാണ് ആക്ഷേപം ഉയര്‍ന്നത്. ഇന്ത്യയുടെ വിവിധ അറ്റങ്ങളില്‍ ഒരേ സമയം ഒന്നിലധികം കോഴ്‌സുകള്‍ ചെയ്തതിന് അദ്ദേഹം നിയമനടപടി നേരിട്ടിട്ടുണ്ടെന്നും ആര്‍ഷോ ആരോപിച്ചു. മുന്‍പും ഇത്തരത്തില്‍ വിസി രാഷ്ട്രീയം കളിച്ചിട്ടുണ്ടെന്നും ആര്‍ഷോ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com