യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്‌സ്പ്രസ് പകുതി വഴിയില്‍ നിര്‍ത്തിയിട്ടു; ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്‌സ്പ്രസ് വാളയാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്‌സ്പ്രസ് വാളയാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനു ശേഷം മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് സര്‍വിസ് പുനരാരംഭിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് സംഭവം.

പാലക്കാട് സ്റ്റോപ് ഉണ്ടെന്നിരിക്കേ അതിന് മുമ്പേ സ്റ്റോപ്പില്ലാത്ത വാളയാറിലാണ് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയത്. അമ്പരന്ന യാത്രക്കാര്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടെ, ഡ്യൂട്ടി സമയം കഴിഞ്ഞപ്പോള്‍ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്ന പ്രചാരണത്തെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. റെയില്‍വേ സ്റ്റേഷനില്‍ ഓരോരുത്തരായി പരാതി രേഖപ്പെടുത്തി. ഇതിനിടെ ലോക്കോ പൈലറ്റ് ശാരീരിക അസ്വാസ്ഥ്യം കാരണമാണ് ട്രെയിന്‍ നിര്‍ത്തി പോയതെന്ന വിശദീകരണവുമായി റെയില്‍വേ അധികൃതര്‍ രംഗത്തെത്തി. ഒടുവില്‍ രാവിലെ 8.30ഓടെ പുതിയ ലോക്കോ പൈലറ്റ് എത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു. ഈ സമയം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

എക്‌സ്പ്രസ് ആണെങ്കിലും അല്‍പകാലമായി മറ്റ് ട്രെയിനുകള്‍ക്കായി പിടിച്ചിട്ട് സ്ഥിരം അര മണിക്കൂറിലേറെ വൈകിയോടുന്ന ട്രെയിനാണ് ബംഗളൂരു- യശ്വന്ത്പുര്‍ എക്‌സ്പ്രസ്. രാവിലെ 8.30ന് കണ്ണൂരില്‍ എത്തേണ്ട ട്രെയിന്‍ അവിടെയെത്താന്‍ 9.30 എങ്കിലും ആവാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com