'വിളക്കിനുള്ളിലാണ് ഇരുട്ട്; കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവ്'

അതുകൊണ്ടാണ് സുധാകരനെ കുറിച്ച് മുമ്പ് ഞാന്‍ പറഞ്ഞത്, പലക പൊട്ടിയ മരണ കിണറ്റിലെ സൈക്കിള്‍ അഭ്യാസിയാണ് സുധാകരന്‍ എന്ന്.
കെ സുധാകരൻ/ എക്സ്പ്രസ് ചിത്രം
കെ സുധാകരൻ/ എക്സ്പ്രസ് ചിത്രം

തിരുവനന്തപുരം:  കെപിസിസി പ്രസിഡന്റെ കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന്  സിപിഎം നേതാവും മുന്‍മന്ത്രിയുമായ എകെ ബാലന്‍. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരന്‍ തിരിച്ചറിയുമെന്ന് എകെ ബാലന്‍ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റില്‍ പറഞ്ഞു.

'കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസം ഭീകരമായ പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. അതിന്റെ ഒരു ഭാഗമാണ് കെ സുധാകരനെതിരായ കേസും അത് രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്കും. സുധാകരനെതിരായി കേസ് കൊടുത്തവരൊക്കെ കോണ്‍ഗ്രസുകാരാണ്. അദ്ദേഹം രഹസ്യമായി പറഞ്ഞ കാര്യം മൊബൈലില്‍ എടുത്ത് പ്രചരിപ്പിച്ചതും അദ്ദേഹത്തിന്റെ തന്നെ സന്തതസഹചാരിയായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. പ്രതിപക്ഷ നേതാവിനെതിരായി വിജിലന്‍സില്‍ പരാതി നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര വൈരുധ്യം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം അടുത്ത മുഖ്യമന്ത്രി താനാണെന്ന് ഓരോ നേതാവിനും ഉണ്ടാകുന്ന തോന്നലാണ്'- കുറിപ്പില്‍ പറയുന്നു

എകെ ബാലന്റെ കുറിപ്പ്

കെ.സുധാകരനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. മോണ്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് വൈകാതെ സുധാകരന്‍ തിരിച്ചറിയും. പഴയ ഗ്രൂപ്പുകള്‍ക്കു പകരം പുതിയ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്താല്‍ പഴയ ഗ്രൂപ്പുകള്‍ തിരിച്ചുവരും എന്നു പറഞ്ഞതും ഉമ്മന്‍ചാണ്ടിയുടെ മനസ്സ് അറിയാതെയാണ് ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചത് എന്ന് പറഞ്ഞതും ബെന്നി ബഹനാനാണ്. ബ്ലോക്ക് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ അമര്‍ഷം രേഖപ്പെടുത്തി ഹൈക്കമാന്റിനെ സന്ദര്‍ശിച്ചത് എം.എം.ഹസ്സനും രമേശ് ചെന്നിത്തലയുമാണ്. ബ്ലോക്ക് പ്രസിഡണ്ടുമാര്‍ ക്കുള്ള പരിശീലനത്തില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നതും ഓര്‍മിക്കുക.
കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസം ഭീകരമായ പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. അതിന്റെ ഒരു ഭാഗമാണ് കെ.സുധാകരനെതിരായ കേസും അത് രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്കും. സുധാകരനെതിരായി കേസ് കൊടുത്തവരൊക്കെ കോണ്‍ഗ്രസുകാരാണ്; ഇടതുപക്ഷക്കാരല്ല. അദ്ദേഹം രഹസ്യമായി പറഞ്ഞ കാര്യം മൊബൈലില്‍ എടുത്ത് പ്രചരിപ്പിച്ചതും അദ്ദേഹത്തിന്റെ തന്നെ സന്തതസഹചാരിയായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. പ്രതിപക്ഷ നേതാവിനെതിരായി വിജിലന്‍സില്‍ പരാതി നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര വൈരുദ്ധ്യം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം അടുത്ത മുഖ്യമന്ത്രി താനാണെന്ന് ഓരോ നേതാവിനും ഉണ്ടാകുന്ന തോന്നലാണ്. ഒരാള്‍ മുന്നില്‍ വരുമ്പോള്‍ ബാക്കിയുള്ളവരെല്ലാം പിന്നില്‍ നിന്ന് വലിക്കുന്നതിനും അപവാദ പ്രചാരണം നടത്തുന്നതിനും ഓരോ ഗ്രൂപ്പും മത്സരമാണ്. അതുകൊണ്ടാണ് സുധാകരനെ കുറിച്ച് മുമ്പ് ഞാന്‍ പറഞ്ഞത്, പലക പൊട്ടിയ മരണ കിണറ്റിലെ സൈക്കിള്‍ അഭ്യാസിയാണ് സുധാകരന്‍ എന്ന്.
നേരത്തെ നല്‍കിയ പരാതി അന്വേഷണ ഏജന്‍സി ഗൗരവമായി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയുടെ തുടര്‍ച്ചയാണ് ഈ കേസിന്റെ ഇപ്പോഴത്തെ പരിണാമം.
ദേശാഭിമാനിയെ മഞ്ഞ പത്രം എന്ന് പറഞ്ഞവര്‍ നാളെ ദുഃഖിക്കേണ്ടിവരും. ഇടക്കാലത്തുണ്ടായ എല്ലാ കോടതി വിധികളും ഗവണ്‍മെന്റിനും മുഖ്യമന്ത്രിക്കും അനുകൂലമാണ്. എ.ഐ ക്യാമറ വിഷയമായാലും പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടായാലും സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിയമനത്തിന്റെ കാര്യമായാലും ഒരൊറ്റ വിധി പോലും ഗവണ്‍മെന്റിനെതിരായിരുന്നില്ല. അപവാദ പ്രചാരണത്തിന് ആക്കം കൂട്ടുന്നതില്‍ ഗവര്‍ണര്‍ നല്ല പങ്കു വഹിച്ചു. ഇത് പൊതു സമൂഹം തിരിച്ചറിഞ്ഞു. അപവാദ പ്രചാരണത്തിന് നേതൃത്വം നല്‍കിയവര്‍ ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് മാപ്പു പറയണം. എല്ലാ കള്ളക്കേസുകളും പൊളിഞ്ഞു പോയി. കള്ളപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കും നല്ല പ്രഹരമാണ് ഹൈക്കോടതി നല്‍കിയത്. ഇതു മനസ്സിലാക്കി ഇനിയെങ്കിലും കള്ളപ്രചാരണം അവസാനിപ്പിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com