വന്ദേഭാരതില്‍ യുവാവിന്റെ പരാക്രമം; റെയില്‍വേയ്ക്ക് നഷ്ടം ഒരു ലക്ഷം രൂപ, ട്രെയിന്‍ വൈകിയത് 20 മിനിറ്റ് 

വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന യുവാവ് റെയില്‍വേയ്ക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം
ശരൺ
ശരൺ

പാലക്കാട്:  വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന യുവാവ് റെയില്‍വേയ്ക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിനിലെ എക്‌സിക്യൂട്ടീവ് കോച്ച് ഇ വണ്ണില്‍ കാസര്‍കോട് ഉപ്പള സ്വദേശി ശരണാണ് (26) ശുചിമുറിയില്‍ കയറി വാതിലടച്ചത്. ഇന്നലെ വൈകീട്ട് 5.30ന് ഷൊര്‍ണൂരിലെത്തിയ ട്രെയിന്‍ വാതിൽ തുറക്കാനുള്ള ശ്രമത്തിനിടെ, 20 മിനിറ്റോളം വൈകിയാണ് പുറപ്പെട്ടത്.

ആര്‍പിഎഫും റെയില്‍വേ പൊലീസും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സെന്‍സര്‍ സംവിധാനത്തിലുള്ള പൂട്ടിനു മുകളില്‍ ടീഷര്‍ട്ട് കീറി കെട്ടിവച്ചതോടെ പുറത്തുനിന്ന് തുറക്കാനുള്ള ശ്രമങ്ങളും പാളി. കണ്ണൂരിലും കോഴിക്കോട്ടും ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ 3 സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പരിശ്രമിച്ചിട്ടും പൂട്ടുതുറക്കാനായില്ല. 

ഒടുവില്‍ പൂട്ട് പൊളിക്കേണ്ടിവന്നു. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലുകളാണു വന്ദേഭാരതിലെ ശുചിമുറിയിലുള്ളത്. ഇലക്ട്രോണിക് സങ്കേതമുള്‍പ്പെടെ അന്‍പതിനായിരം രൂപയോളം ഇതിനു വില വരുമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാതില്‍ തുറക്കുന്നതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് ഡ്യൂട്ടി അലവന്‍സും അരലക്ഷത്തോളം വരും. 

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ശുചീകരിക്കുമ്പോള്‍ തന്നെ ഇയാള്‍ ശുചിമുറിയില്‍ കയറിക്കൂടാന്‍ ശ്രമിച്ചിരുന്നു. ജീവനക്കാര്‍ തടഞ്ഞതോടെ പുറത്തിറങ്ങി, പിന്നീട് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ആരും കാണാതെ കയറിയതാണ്.  ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com