മെമ്മറി കാർഡ് പരിശോധിച്ചത് അനധികൃതം; ശാസ്ത്രീയ അന്വേഷണം വേണം; അതിജീവിത 

ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയുടെ അഭിഭാഷകൻ വാദിച്ചു
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ്/ഫയല്‍
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ്/ഫയല്‍

കൊച്ചി: നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത ഹൈക്കോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് അതിജീവിത നേരത്തെ ഹർജി നൽകിയിരുന്നു. ഇതാണ് ജസ്റ്റിസ് കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരി​ഗണിച്ചത്. 

മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം വേണം. വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോ​ഗിച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയുടെ അഭിഭാഷകൻ വാദിച്ചു. സുപ്രീം കോടതി അഭിഭാഷകനായ ​ഗൗരവ് അ​ഗർവാളാണ് അതിജീവിതക്കായി ഹാജരായത്. 

വിഷയത്തിൽ നിലപാട് അറിയിക്കാൻ കേസിലെ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ സമയം തേടി. ഹർജി ജൂലൈ ഏഴിനു പരി​ഗണിക്കാനായി മാറ്റി. 

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെ തുടർന്ന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിരുന്നു. 2021 ജൂലൈ 19നു ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകി. അന്ന് മെമ്മറി കാർഡ് വിവോ ഫോണിലിട്ടു പരിശോധിച്ചെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. 

കാർഡ് ഫോണിലിട്ട് പരിശോധന നടത്തിയത് ആരാണെന്നു കണ്ടെത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. മെമ്മറി കാർഡ് മൊബൈലിൽ ഇടുമ്പോൾ അതു കോപ്പി ചെയ്യാൻ അനായാസം കഴിയുമെന്നും അതിജീവിത വാദിച്ചു. സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. 

മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അങ്കമാലി ജുഡൂഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേയും കസ്റ്റഡിയിലിരിക്കുമ്പോൾ 2018 ജനുവരി ഒൻപത്, ഡിസംബർ 13 തീയതികളിൽ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാത്രിയിലാണ് കാർഡ് പരിശോധിച്ചിട്ടുള്ളത്. അതിനാലാണ് ഇക്കാര്യത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെടുന്നതും അതജീവിതയുടെ അഭിഭാഷകൻ വാദിച്ചു. 

ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തില്ല. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com