പഴയിടം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ; രണ്ടു ലക്ഷം രൂപ പിഴ

സംരക്ഷിക്കേണ്ടയാള്‍ തന്നെയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു
പ്രതി അരുണ്‍ ശശി/ ടിവി ദൃശ്യം
പ്രതി അരുണ്‍ ശശി/ ടിവി ദൃശ്യം

കോട്ടയം: പഴയിടം ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി അരുണ്‍ ശശിക്ക് വധശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. സംരക്ഷിക്കേണ്ടയാള്‍ തന്നെയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. 

പിതൃസഹോദരിയേയും ഭര്‍ത്താവിനെയുമാണ് 39 കാരനായ പ്രതി കൊലപ്പെടുത്തിയത്. 2013 ആഗസ്റ്റ് 28 നാണ് കൊലപാതകം നടക്കുന്നത്. ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ട.പിഡബ്ല്യുഡി സൂപ്രണ്ട് പഴയിടം ചൂരപ്പാടിയില്‍ എന്‍ ഭാസ്‌കരന്‍ നായര്‍ (75), ഭാര്യ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

പഴയിടം ഷാപ്പിന്റെ എതിര്‍വശത്തുള്ള ഇരുനില വീടിന്റെ താഴത്തെ നിലയില്‍ കോണിപ്പടിയുടെ സമീപത്താണു ദമ്പതികളുടെ മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് അടിച്ചതിനു ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. തങ്കമ്മയുടെ സഹോദരപുത്രനാണ് പ്രതിയായ അരുണ്‍. കാര്‍ വാങ്ങാന്‍ പണം കണ്ടെത്താനാണു പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

സംഭവദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ അരുണ്‍ ടിവി കാണുകയായിരുന്ന ഭാസ്‌കരന്‍ നായരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്നിറങ്ങി വന്ന തങ്കമ്മയെയും കൊലപ്പെടുത്തി. എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഇതിനിടെ കോട്ടയം കഞ്ഞിക്കുഴിയില്‍ മാല മോഷണക്കേസില്‍ അരുണ്‍ പൊലീസിന്റെ പിടിയിലായി. 

ചോദ്യം ചെയ്യലിലാണ് പഴയിടം കേസിന്റെ ചുരുളഴിഞ്ഞത്. വിചാരണയ്ക്കിടെ ഒളിവില്‍ പോയ പ്രതി ഷോപ്പിങ് മാളില്‍ നടന്ന മോഷണത്തില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. അവിടെ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ പ്രത്യേക വാറന്റ് നല്‍കിയാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com