എഐ ക്യാമറ അന്വേഷണത്തിനിടെ വ്യവസായ സെക്രട്ടറിയെ മാറ്റി; മുഹമ്മദ് ഹനീഷിനെ മാറ്റിയത് ആരോഗ്യവകുപ്പിലേക്ക്; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഇതാദ്യമായി ഒരു വകുപ്പിന്റെ ചുമതല നൽകി
മുഹമ്മദ് ഹനീഷ് / ഫയല്‍
മുഹമ്മദ് ഹനീഷ് / ഫയല്‍

തിരുവനന്തപുരം: എഐക്യാമറ വിവാദം അന്വേഷിക്കുന്നതിനിടെ, എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പില്‍ നിന്നും മാറ്റി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുഹമ്മദ് ഹനീഷിനെ ആദ്യം റവന്യു വകുപ്പിലേക്കാണ് മാറ്റിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഹനീഷിനെ റവന്യൂവില്‍ നിന്നും ആരോഗ്യ വകുപ്പിലേക്ക് മാറ്റി.

റോഡ് ക്യാമറ വിവാദത്തില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് മുഹമ്മദ് ഹനീഷിന്റെ സ്ഥലംമാറ്റം. റവന്യൂവിലെ ദുരന്തനിവാരണ വകുപ്പിലേക്കായിരുന്നു ഹനീഷിനെ ആദ്യം മാറ്റി നിയമിച്ചത്. പിന്നീട് ഇവിടെ നിന്നും ആരോഗ്യവകുപ്പിലേക്ക് മാറ്റുകയായിരുന്നു. ക്യാമറ വിവാദത്തില്‍ ഹനീഷ് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കിയേക്കും.

ഹനീഷിന് പകരം  വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സുമൻ ബില്ലയെ നിയമിച്ചു.  പൊതുജനാരോ​ഗ്യ വകുപ്പിൽ നിന്നും ടിങ്കു ബിസ്വാളിനെ റവന്യൂ വകുപ്പിലേക്ക് മാറ്റി. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലകിനെ നികുതി എക്സൈസ് വകുപ്പിലേക്കാണ് മാറ്റിയത്. ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഇതാദ്യമായി ഒരു വകുപ്പിന്റെ ചുമതല നൽകി. ഔദ്യോ​ഗിക ഭാഷയുടെ ചുമതലയാണ് നൽകിയത്. 

മുഹമ്മദ് ഹനീഷ് കൈവശം വെച്ചിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിന് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശര്‍മ്മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്റെ അധിക ചുമതല നല്‍കി. സഹകരണവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മിനി ആന്റണിക്ക് ന്യൂനപക്ഷ ക്ഷേമത്തിന്റെയും അധിക ചുമതല നല്‍കി. 

കാസർകോട് ജില്ലാ കലക്ടറെ മാറ്റി

തൊഴില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അജിത് കുമാറിന് കയര്‍, കൈത്തറി, കശുവണ്ടി വ്യവസായത്തിന്റെയും, ഐടി സെക്രട്ടറി രത്തൻ ഖേൽക്കറിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെയും  അധിക ചുമതല കൂടി നല്‍കി. കാസർകോട് കലക്ടർ ഭണ്ഡാരി സ്വാ​ഗത് രവീർ ചന്ദിനെ ജല അതോറിട്ടി എംഡിയായി മാറ്റി നിയമിച്ചു. രജിസ്ട്രേഷൻ ഐജി ഇമ്പശേഖർ ആണ് പുതിയ കാസർകോട് കലക്ടർ. പ്രവേശനപരീക്ഷാ കമ്മീഷണറായി അരുൺ കെ വിജയനെയും നിയമിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com