ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് പണം നല്‍കാതെ മുങ്ങി; പോത്തന്‍കോടും പൊലീസിനെതിരെ മാങ്ങാ കേസ്, അന്വേഷണം

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച കേസിന് സമാനമായ സംഭവം തിരുവനന്തപുരത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച കേസിന് സമാനമായ സംഭവം തിരുവനന്തപുരത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് മാങ്ങ വാങ്ങി പണം നല്‍കാതെ പൊലീസുകാരന്‍ മുങ്ങിയെന്ന് കടയുടമ പരാതി നല്‍കി.

തിരുവനന്തപുരം പോത്തന്‍കോട് കരൂരിലാണു സംഭവം. കഴക്കൂട്ടം എസിപിയുടെയും പോത്തന്‍കോട് സിഐയുടെയും പേരു പറഞ്ഞാണ് പൊലീസുകാരന്‍ മാങ്ങ വാങ്ങാന്‍ എത്തിയതെന്ന് കടയുടമ പറയുന്നു. അഞ്ചു കിലോ മാങ്ങ വാങ്ങിയ ശേഷം, ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് അറിയിച്ച് പോയി. പോത്തന്‍കോട് സിഐയും എസ്‌ഐയും പലപ്പോഴും ഈ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാറുള്ളതിനാല്‍ കടയുടമയ്ക്ക് സംശയം തോന്നിയില്ല. 

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം അക്കൗണ്ടിലെത്താതിരുന്നപ്പോഴാണ് കടയിലെത്തിയ സിഐയോട് കടയുടമ ഇക്കാര്യം പറഞ്ഞത്. തന്റെ പേരു പറഞ്ഞ് തട്ടിപ്പു നടത്തിയയാളെ കണ്ടെത്തണമെന്ന് സിഐ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പറയാതെ, ഡ്യൂട്ടിയുടെ ഭാഗമെന്നോണം ഓരോ പൊലീസുകാരനെയും കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞു. രഹസ്യമായി സിഐയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ കടയുടമയോട് സിഐ ആവശ്യപ്പെട്ടു. 

പൊലീസുകാരനെതിരെ പരാതിപ്പെടാന്‍ ആദ്യം മടിച്ചെങ്കിലും സിഐയുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച് സാക്ഷിമൊഴി കൂടി എടുത്ത ശേഷം നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് പോത്തന്‍കോട് സിഐ ഡി മിഥുന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി കടയില്‍ നിന്നു മാങ്ങ മോഷ്ടിച്ച സിവില്‍ പൊലീസ് ഓഫീസറെ ആഭ്യന്തര വകുപ്പ് പിരിച്ചുവിട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com