'ഇവര്‍ എന്നെ കൊല്ലാന്‍ വരുന്നു, രാത്രിയില്‍ പൊലീസിനെ വിളിച്ചുവരുത്തി'; സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത് പരാതിക്കാരനായെന്ന് എഡിജിപി 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍
എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്
എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ പരാതിക്കാരന്‍ എന്ന നിലയിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അല്ലാതെ പ്രതിയായി കസ്റ്റഡിയിലെടുത്തതല്ലെന്നും എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. ഇന്നലെ രാത്രി മുഴുവന്‍ ഇയാള്‍ വയലന്റ് ആയ നിലയില്‍ നടക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സന്ദീപിന്റെ മാനസിക നില പരിശോധിക്കേണ്ടതുണ്ടെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എന്നെ ഇവരെല്ലാം കൊല്ലാന്‍ വരുന്നു എന്ന് പറഞ്ഞ് രാത്രി ഒരുമണിയോടെയാണ് സന്ദീപ് പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് ആദ്യം വിളിച്ചത്. ഫോണ്‍ ട്രാന്‍സ്ഫര്‍ ചെയ്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനെ അറിയിച്ചു. പൊലീസ് സ്‌റ്റേഷനില്‍ നിന്ന് നൈറ്റ് പട്രോളിങ് വിഭാഗത്തെ അറിയിച്ചു. നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ്‌ഐ, സന്ദീപ് വിളിച്ച നമ്പറിലേക്ക് വിളിച്ചു. എന്നാല്‍ ഫോണ്‍ ലൊക്കേറ്റ് ചെയ്യാന്‍ സാധിച്ചില്ല. മൂന്നര മണിക്ക് വീണ്ടും പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചു. വീണ്ടും വിളിച്ചപ്പോള്‍ ലൊക്കേഷന്‍ കിട്ടി. ഇയാളെ ആക്രമിക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് പോയത്'- എം ആര്‍ അജിത് കുമാറിന്റെ വാക്കുകള്‍.

'നൈറ്റ് പട്രോളിങ് ടീം പോയപ്പോള്‍ വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ മാറി മറ്റൊരു വീടിന്റെ മുന്നില്‍ വടിയായി നില്‍ക്കുന്നതാണ് കണ്ടത്. നാട്ടുകാരും ഉണ്ട്. എന്നെ ഇവരെല്ലാം കൊല്ലാന്‍ വരുന്നു എന്ന് പറഞ്ഞാണ് നില്‍ക്കുന്നത്. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ബന്ധുവിനും നാട്ടുകാരനുമൊപ്പം ഇയാളെ പൊലീസ് ജീപ്പില്‍ കയറ്റി. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. കാഷ്വാലിറ്റിയില്‍ ഇയാളെ ഡോക്ടര്‍ പരിശോധിച്ചു. എക്‌സറേ എടുക്കാനും മുറിവ് വെച്ചു കെട്ടാനും ഡ്രസിങ് റൂമിലേക്ക് അയച്ചു. ഡ്രസിങ് റൂമില്‍ വച്ച് ഇയാള്‍ പെട്ടെന്ന് വയലന്റ് ആവുകയായിരുന്നു. ആദ്യം ബന്ധുവിനെ ചവിട്ടി. ഇത് തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡിനെയും തൊട്ടരികില്‍ ഉണ്ടായിരുന്ന നാട്ടുകാരനെയും ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കുത്തി. ശബ്ദം കേട്ട് ഓടിയെത്തിയ എയ്ഡ് പോസ്റ്റിലെ എഎസ്‌ഐയെയും കുത്തി. ഇത് കണ്ട് പരിഭ്രാന്തരായ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും മറ്റൊരു മുറിയിലേക്ക് മാറി കതക് അടച്ചു. വനിതാ ഡോക്ടര്‍ വന്ദനാ ദാസിന് പെട്ടെന്ന് മാറാന്‍ സാധിച്ചില്ല. ഒറ്റപ്പെട്ട് പോയ ഇവരെ പ്രതി ആക്രമിക്കുകയായിരുന്നു'- എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.

നിയമനടപടി വേഗം പൂര്‍ത്തിയാക്കി പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു. ഇയാളെ ആക്രമിക്കുന്നു എന്ന് പറഞ്ഞാണ് വിളിച്ചത്. ഇയാള്‍ പരാതിക്കാരനാണ്. അപ്പോള്‍ ഇയാള്‍ പ്രതിയായിരുന്നില്ല. നാട്ടുകാരോട് ചോദിച്ചപ്പോള്‍ ഇയാളെ ഉപദ്രവിച്ചിട്ടില്ല എന്നാണ് പറയുന്നത്. ഇയാള്‍ മദ്യപാനിയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയില്‍ വയലന്റ് ആയി നടക്കുകയായിരുന്നു. ഇയാളുടെ മനോനില പരിശോധിക്കേണ്ടതുണ്ടെന്നും എഡിജിപി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com