കോടതി മൗനിയായിരിക്കണോ?; സ്വമേധയാ കേസെടുത്തതിലാണ് ചിലര്‍ക്ക് വിഷമം; സൈബര്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അഡ്വ. വി എം ശ്യാംകുമാറിനെ കേസില്‍ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ കോടതിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ജഡ്ജിമാര്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ വിമര്‍ശനമുയരുന്നു. ബോട്ടപകടത്തില്‍ സ്വമേധയാ കോടതി കേസെടുത്തതിലാണ് ചിലര്‍ക്ക് വിഷമം. കോടതി ഇടപെടാന്‍ പാടില്ലെന്ന് പറയുന്നതിന്റെ കാരണം എന്തെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. 

ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കോടതിക്ക് കണ്ണടച്ചിരിക്കാനാകില്ല.  കോടതിക്ക് ഉത്തരവാദിത്തം ജനങ്ങളോടാണ്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമെന്ന് ചിത്രീകരിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നുവരെ വിമര്‍ശനം ഉണ്ടാകുന്നു. എന്തുപറഞ്ഞാലും കേള്‍ക്കാത്തവരാണ് ഇത്തരത്തില്‍ കോടതിക്കെതിരെ എഴുതുന്നത്. 

ഉത്തരവാദിത്തപ്പെട്ടവര്‍ പരാജയപ്പെടുമ്പോഴാണ് കോടതി ഇടപെടുന്നത്. സര്‍ക്കാരിന് ഇല്ലാത്ത സങ്കടമാണ് ചിലര്‍ക്ക്. സിസ്റ്റം പരാജയപ്പെട്ടുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. പറയാനുള്ളത് മുഖത്തു നോക്കിപറയണം. ചീത്ത വിളിക്കുന്നവര്‍ക്ക് അതു തുടരാം. അതൊന്നും കാര്യമാക്കുന്നില്ല. കോടതിയുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ല. 

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചാലും കോടതി മിണ്ടാതെ മൗനിയായിരിക്കണമെന്നാണോ?. തുടര്‍ച്ചയായുണ്ടാകുന്ന ദുരന്തങ്ങള്‍ മനസ്സു മടുപ്പിക്കുന്നു. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. ബോട്ടുയാത്രാ നിയമങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഓവർ ലോഡാണ് അപകടകാരണം- റിപ്പോർട്ട് 

താനൂര്‍ ബോട്ടപകടത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ടില്‍ 22 പേര്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 37 പേര്‍ കയറി. ഓവര്‍ ലോഡാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ബോട്ടില്‍ ആളെ കയറ്റുന്നിടത്ത് എത്രപേരെ കയറ്റാനാകുമെന്ന് എഴുതി വെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അഡ്വ. വി എം ശ്യാംകുമാറിനെ കേസില്‍ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com