കൊല്ലത്ത് ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം; പരാക്രമം കാണിച്ചത് പൊലീസ് വൈദ്യപരിശോധനയ്‌ക്ക് എത്തിച്ച പ്രതി 

വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലത്ത് ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം. ജില്ലാ ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി വിഷ്‌ണു(31) ആണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 5.20 ഓടെയായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് അത്യാഹിത വിഭാ​ഗം മെഡിക്കൽ ഓഫീസറായ ഡോ. എ ജാസ്‌മിനും ഹൗസ് സർജന്മാരും മറ്റ് രോഗികളും ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നെന്ന പരാതിയെ തുടർന്നാണ് വിഷ്ണുവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ്‌ ചെയ്തത്. ആശുപത്രിയിൽ അതിക്രമം കാട്ടിയ പ്രതി ഡോക്ടറുടെ മുറിയിലേക്ക് ഓടിക്കയറി മേശയിലേക്ക് ആഞ്ഞുചവിട്ടിയ ശേഷം ഭീഷണിമുഴക്കി.  വിലങ്ങുവെച്ച പ്രതിയെ രണ്ടു പൊലീസുകാർ ചേർന്ന് ബലമായി പിടിച്ചിരിക്കുകയായിരുന്നു.

പ്രതിയെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ല. പരിശോധിക്കാൻ സാധിക്കില്ലെന്ന് എസ്ഐയെ അറിയിച്ചപ്പോൾ വൈദ്യപരിശോധന എങ്ങനെയും പൂർത്തീകരിക്കാൻ എസ്ഐ നിർബന്ധിച്ചതായും ഡോ ജാസ്മിൻ പറഞ്ഞു. പ്രതി മദ്യപിച്ചിട്ടുണ്ടെന്നും അക്രമസ്വഭാവം കാട്ടുന്നെന്നും ഡോക്ടറെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ചിരുന്നതിനാൽ ഡോക്ടർ വൈദ്യപരിശോധന നടത്താൻ വിസമ്മതിച്ചു. തുടർന്ന് ഒപി ചീട്ടിൽ അക്രമസ്വഭാവം കാട്ടുന്നെന്ന് എഴുതിയതായും പൊലീസ് പറഞ്ഞു. തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ ശാന്തനായതോടെ ജാമ്യത്തിൽ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com