പുനഃസംഘടനയ്‌ക്കൊരുങ്ങി പിണറായി സര്‍ക്കാര്‍; എല്‍ഡിഎഫ് യോഗം പത്തിന്; ഗണേഷ് കുമാര്‍ കത്ത് നല്‍കി

നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാര്‍ വിഭാഗത്തിന്റെ ആവശ്യം.
പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും/ ഫയല്‍ ചിത്രം
പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും/ ഫയല്‍ ചിത്രം


തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം  ഈ മാസം പത്തിന് ചേരും. മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ നവകേരള സദസ്സിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

മന്ത്രിസഭ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കി. നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാര്‍ വിഭാഗത്തിന്റെ ആവശ്യം. കേരളാ കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് കത്ത് നല്‍കിയത്.

മുന്നണി ധാരണ പ്രകാരം മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും ഒഴിയേണ്ടതുണ്ട്. ഇവര്‍ക്ക് പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും മന്ത്രിമാരാകുമെന്നാണ് ധാരണ. 

നവംബറില്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കാതിരുന്നത് പാര്‍ട്ടിയിലെ ധാരണ പ്രകാരമാണ്. സമയപരിധി തീരാനായതോടെയാണ് ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മര്‍ദങ്ങളിലേക്ക് പാര്‍ട്ടിയും ഗണേഷും കടന്നത്.

ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. എംഎം ഹസ്സനും കെ മുരളീധരനും രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. 'ഗണേഷ് കുമാറിനെപ്പോലുള്ള സാധനത്തെ പിടിച്ച് നിയമസഭയില്‍ വച്ചാല്‍ മുഖം മിനുങ്ങുകയല്ല, മുഖം കെടുകയാണ് ചെയ്യുക'- എന്നായിരുന്നു ഹസന്റെ പ്രതികരണം. മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com