ഫയൽചിത്രം
ഫയൽചിത്രം

മുസ്ലീം ലീഗ് ക്ഷണം നിരസിച്ചിട്ടില്ല; മറുപടി വകതിരിവോടെ ഉള്‍ക്കൊള്ളുന്നു; പി മോഹനന്‍

പലസ്തിന്‍ ഐക്യദാര്‍ഢ്യ റാലി വ്യാപകമായി നടത്തണമെന്നാണ് സിപിഎം പറയുന്നത്. അതുതന്നെയാണ് മുസ്ലീം ലീഗും പറയുന്നത്.

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തിന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലീഗ് നിരസിച്ചുവെന്ന് പറയാനാകില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍. സാങ്കേതിക പ്രയാസമാണ് അവര്‍ പറഞ്ഞഥ്. അവരുടെ പ്രതികരണത്തെ പോസിറ്റിവായി കാണുന്നുവെന്നും വകതിരിവോടുകൂടി മറുപടി ഉള്‍ക്കൊള്ളുന്നതായും പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പലസ്തിന്‍ ഐക്യദാര്‍ഢ്യ റാലി വ്യാപകമായി നടത്തണമെന്നാണ് സിപിഎം പറയുന്നത്. അതുതന്നെയാണ് മുസ്ലീം ലീഗും പറയുന്നത്. ഇസ്രയേല്‍ വിരുദ്ധ നിലപാടുള്ള എല്ലാവരും യോജിച്ചാണ് പരിപാടി നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ അനുകൂല  നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. നെഹ്രുവിന്റെ കാലത്ത് കോണ്‍ഗ്രസിന് പലസ്തിന്‍ അനുകൂല നിലപാട് ഉണ്ടായിരുന്നു. നരസിംഹറാവുവിന്റെ കാലത്താണ് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ വ്യഗ്രത കാണിച്ചത്. അന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രധാന സ്ഥാനത്തിരുന്ന് നയതന്ത്രത്തിന്റെ ഭാഗമായി ഇടപെട്ട ആളാണ് ശശി തരൂര്‍. ഇന്ന് അദ്ദേഹം കോണ്‍ഗ്രസിന്റെ പരമോന്നത നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹമാണ് കോഴിക്കോട് വന്ന് ലീഗ് റാലിയില്‍ പറഞ്ഞത് ഹമാസ് ഭീകരാക്രമണം നടത്തിയതിനുള്ള സ്വാഭാവിക മറുപടിയാണ് ഇസ്രയേല്‍ ആക്രമണമെന്നാണ്. ഇത് ബിജെപി നിലപാടിനോട് ഒത്തുചേര്‍ന്ന് പോകുന്ന സമീപനമാണ്. കോണ്‍ഗ്രസിന് ഇതില്‍ നിന്ന് വ്യത്യസ്ത നിലപാട് എടുക്കാനാകില്ലെന്നും നിലമ്പൂരില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുമ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പി മോഹനന്‍ പറഞ്ഞു. 

അതേസമയം, ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ ലീഗിന് സിപിഎം പരിപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാനാവില്ല. റാലിയിലേക്കു സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ട്. അവര്‍ നല്ല പരിപാടി നടത്തട്ടെ. പലസ്തീന്‍ വിഷയത്തില്‍ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതില്‍ കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകള്‍ കൂടുതല്‍ ശക്തി സംഭരിച്ച് പലസ്തിനൊപ്പം നില്‍ക്കുന്നതു ലീഗിനു സന്തോഷമുള്ള കാര്യമാണ്.

യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ ലീഗിന് സിപിഎം പരിപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാനാവില്ല. എന്നാല്‍ പരിപാടി സംഘടിപ്പിക്കുന്നതു നല്ലതാണ്, ലീഗ് അതിനെ സ്വാഗതം ചെയ്യുന്നു. ആ അര്‍ഥത്തില്‍ തന്നെയാണ് ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.എല്ലാ വിഷയങ്ങളെയും പ്രാദേശിക രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല. പലസ്തീന്‍ വിഷയം വ്യത്യസ്തമാണ്. കേരളത്തില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ലീഗിന് അഭിപ്രായമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേതൃയോഗം ചേരാതെ നേതാക്കള്‍ അനൗപചാരികമായി കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com