ഭക്ഷണ പാക്കറ്റുകളില്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം; സമയപരിധിക്കുള്ളില്‍ കഴിക്കാന്‍ അവബോധം സൃഷ്ടിക്കണം'

ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണശാലകളില്‍ നിന്ന് നല്‍കുമ്പോള്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണശാലകളില്‍ നിന്ന് നല്‍കുമ്പോള്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം. കൗണ്ടറിലൂടെയും പാഴ്‌സലായും നല്‍കുമ്പോള്‍ ഇക്കാര്യം കൃത്യമായി പാലിക്കണം. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ഇവ ഭക്ഷിക്കാന്‍ ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഭക്ഷ്യ വിഷബാധമൂലം കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തില്‍ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ഹൈക്കോടതി ഉത്തരവ്. നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മയണൈസ് നിര്‍മാണത്തില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു ജനുവരി 12ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ഓണ്‍ലൈനില്‍ ഹാജരായി വിശദീകരണം നല്‍കി. 

സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന്   'ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍' ഇറക്കിയിരുന്നു. പരിശോധനകള്‍ നടത്തുന്നുണ്ട്. പല ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും നോട്ടിസുകള്‍ നല്‍കി. സുരക്ഷിതമായ നിര്‍ദിഷ്ട സമയപരിധിയും കഴിഞ്ഞു ഷവര്‍മ ഭക്ഷിക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നും കമ്മിഷണര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും ശരിയായ ദിശയിലാണെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭക്ഷ്യസ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇക്കാര്യത്തില്‍ അവബോധമുണ്ടാക്കേണ്ടതുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com