നവകേരള സദസിന് പണം അനുവദിക്കരുത്; അടിയന്തര കൗൺസിൽ ചേർന്ന് പറവൂർ ന​ഗരസഭ; തീരുമാനം റദ്ദാക്കാനാവില്ലെന്ന് സെക്രട്ടറി

നേരത്തെയെടുത്ത തീരുമാനം റദ്ദാക്കാന്‍ കഴിയില്ലെന്നും, അത് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമാകുമെന്നും സെക്രട്ടറി നിലപാടെടുത്തു
പറവൂർ ന​ഗരസഭ/ ഫെയ്സ്ബുക്ക്
പറവൂർ ന​ഗരസഭ/ ഫെയ്സ്ബുക്ക്


കൊച്ചി: നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി. അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നായിരുന്നു തീരുമാനം. കൗണ്‍സില്‍ തീരുമാനം ലംഘിച്ച് പണം അനുവദിച്ചാല്‍ നഗരസഭ സെക്രട്ടറി സ്വന്തം കയ്യില്‍ നിന്നും പണം നല്‍കേണ്ടി വരുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. എന്നാല്‍ നേരത്തെയെടുത്ത തീരുമാനം റദ്ദാക്കാന്‍ കഴിയില്ലെന്നും, അത് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമാകുമെന്നും സെക്രട്ടറി നിലപാടെടുത്തു. 

അതേസമയം, അടിയന്തര കൗണ്‍സില്‍ യോഗം നിയമപരമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 13 ന് വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ നവകേരള സദസിന് പണം അനുവദിക്കാന്‍ തീരുമാനിക്കുകയും 15 ന് ജില്ലാ പ്ലാനിങ് കമ്മിറ്റിയെ അറിയിക്കുകയും ചെയ്തതാണ്. ഈ തീരുമാനം റദ്ദു ചെയ്യാന്‍ മൂന്നു മാസം കഴിയണമെന്നതാണ് നിയമം അനുശാസിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 

നിര്‍ബന്ധിതമായി പണം അനുവദിക്കേണ്ടതാണെന്ന് അജണ്ടയില്‍ വെച്ചതിനെത്തുടര്‍ന്ന്, തെറ്റിദ്ധരിക്കപ്പെട്ടതു മൂലമാണ് പണം അനുവദിച്ച് തീരുമാനമെടുത്തത്. നിര്‍ബന്ധമായി പണം കൈമാറേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി ചെയര്‍പേഴ്‌സണെ തെറ്റിദ്ധരിപ്പിച്ചു. അതിനാല്‍ ആ തീരുമാനം തിരിത്താനാണ് അടിയന്തിര കൗണ്‍സില്‍ ചേര്‍ന്നതെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയത്. 

ഇതേച്ചൊല്ലി യോഗത്തില്‍ വലിയ വാക്‌പോരിനാണ് നഗരസഭ കൗണ്‍സില്‍ യോഗം സാക്ഷ്യം വഹിച്ചത്. ഇതിനിടെ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി നവകേരളസദസ്സിന് ഒരുലക്ഷംരൂപ അനുവദിക്കാനാണ് കോണ്‍ഗ്രസ് ഭരിക്കുന്ന പറവൂര്‍ നഗരസഭ തീരുമാനിച്ചിരുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലത്തില്‍പ്പെടുന്നതാണ് പറവൂര്‍ നഗരസഭ.

നവകേരളസദസ്സ് ബഹിഷ്കരിക്കാനാണ് യുഡി‌എഫിന്റെ ആഹ്വാനം. ഫണ്ട് ഒരുകാരണവശാലും അനുവദിക്കരുതെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ നവകേരളസദസ്സ് ധൂർത്താണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഡി. രാജ്കുമാർ അഭിപ്രായം ഉന്നയിച്ചെങ്കിലും മറ്റു കോൺഗ്രസ് അംഗങ്ങൾ അഭിപ്രായം പറഞ്ഞിരുന്നില്ല.

സംഭവം വിവാദമായതോടെ പാർട്ടി തീരുമാനം ലംഘിച്ചാൽ ആരായാലും നടപടിയെടുക്കുമെന്ന് ബുധനാഴ്ച വി ഡി സതീശൻ വ്യക്തമാക്കി. അതോടെയാണ് നഗരസഭ ചുവടുമാറ്റിയത്. പണം നൽകാനുള്ള തീരുമാനം റദ്ദാക്കിയത് ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിയെ അറിയിക്കുമെന്ന് ന​ഗരസഭ  ചെയർപേഴ്‌സൺ ബീനാ ശശിധരൻ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com