'ചില പൊലീസുകാര്‍ പിണറായിയുടെ ഗുണ്ടാപ്പണി എടുക്കുന്നു; 'ജീവന്‍ രക്ഷാപ്രവര്‍ത്തനം' കഴുത്തു ഞെരിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനു നേരെയുമുണ്ടാകും'

ഇതുപോലെ എസി റൂമിലാണ് സഖാവ് കൃഷ്ണപിള്ള കിടന്നിരുന്നതെങ്കില്‍ അദ്ദേഹം അങ്ങനെ മരിക്കില്ലായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു
കെ മുരളീധരന്‍/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
കെ മുരളീധരന്‍/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് കെ മുരളീധരന്‍ എംപി. ഇതുപോലെ അധികാരത്തിന്റെ മത്തു പിടിച്ചൊരു ഭരണാധികാരിയെ കേരളം കണ്ടിട്ടില്ല. കരിങ്കൊടി കാണിച്ചതിന് കരുതല്‍ തടങ്കല്‍ പാടില്ല. അതു മനസ്സിലാക്കാഞ്ഞിട്ടല്ല. ഞാന്‍ ഭരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടക്കുമെന്ന ദുശ്ശാഠ്യവും അഹങ്കാരവും മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്.  

കരുതല്‍ തടങ്കലിലെടുത്തവരെ മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞശേഷം അവരെ മര്‍ദ്ദിക്കാന്‍ വിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. വടകരയില്‍ കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയച്ചപ്പോള്‍ പുറത്തുണ്ടായിരുന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഇങ്ങനെ ഗുണ്ടകളെയും കൊണ്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. അതിനര്‍ത്ഥം മുഖ്യമന്ത്രിക്ക് പൊലീസിനെ വിശ്വാസമില്ലെന്നാണ്. 

ചില പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പിണറായിയുടെ ഗുണ്ടാപ്പണി എടുക്കുകയാണ്. ഇതിലൊരാളാണ് ഡിസിപി ബൈജു. അദ്ദേഹമാണ് കെഎസ് യു ജില്ലാപ്രസിഡന്റിന്റെ കഴുത്തു പിടിച്ചു ഞെരിച്ചത്. ഇതെല്ലാം ചെയ്യാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തതെന്ന് മുരളീധരന്‍ ചോദിച്ചു. 

ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുമ്പോള്‍ അവരെ തൊടാന്‍ കഴിയാത്ത പൊലീസാണ് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരുടെ കഴുത്തു പിടിച്ചു ഞെരിക്കാന്‍ ശ്രമിക്കുന്നത്. ഈ രീതിയിലാണ് പോക്കെങ്കില്‍ ഡിസിപിയെപ്പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍രക്ഷാ പദ്ധതി അനുസരിച്ച് അവര്‍ക്ക് കൊടുക്കേണ്ട അംഗീകാരം കൊടുക്കാന്‍ തക്കവണ്ണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്യം ഉണ്ടാകും. ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഏതുഭാഷയിലാണോ മുഖ്യമന്ത്രി പറഞ്ഞത് അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാണ് താന്‍ പറയുന്നത്. 

ഇതിന്റെ പേരില്‍ കേസെടുക്കാനൊന്നും പറ്റില്ല. കാരണം മുഖ്യമന്ത്രിയുടെ അതേ വാചകമാണ് താന്‍ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് നല്ല രീതിയിലാണെങ്കില്‍ താനും നല്ല രീതിയില്‍ തന്നെയാണ് പറയുന്നതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കുടിലിലെ സമാധാനമാണ് ഏറ്റവും വലുതെന്ന് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ പറഞ്ഞതില്‍ ഒരുപാട് അര്‍ത്ഥങ്ങളില്ലേ. ഇതുപോലെ എസി റൂമിലാണ് സഖാവ് കൃഷ്ണപിള്ള കിടന്നിരുന്നതെങ്കില്‍ അദ്ദേഹം അങ്ങനെ മരിക്കില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com