'കുട്ടിക്ക് ഭക്ഷണം നല്‍കി, കാര്‍ട്ടൂണ്‍ കാണിച്ചു'; അബിഗേലിനെ ആശ്രാമത്ത് ഉപേക്ഷിച്ച സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചു?

കുട്ടി ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തിലാണ്. മൊഴി നല്‍കാന്‍ പറ്റുന്ന സ്ഥിതിയിലായിട്ടില്ല
അബി​ഗേൽ പൊലീസ് ഉദ്യോ​ഗസ്ഥനൊപ്പം/ ടിവി ദൃശ്യം
അബി​ഗേൽ പൊലീസ് ഉദ്യോ​ഗസ്ഥനൊപ്പം/ ടിവി ദൃശ്യം

കൊല്ലം: ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്തിയതില്‍ മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം നന്ദി പറഞ്ഞ് എഡിജിപി എംആര്‍ അജിത് കുമാര്‍. പൊലീസും നാട്ടുകാരും മാധ്യമങ്ങളും അടക്കം മുഴുവന്‍ ജനങ്ങളും ജാഗ്രത പുലര്‍ത്തിയ സ്ഥിതിയിലാണ് ഒരു രക്ഷയുമില്ലാതെ പ്രതികള്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോയത് ഈ പ്രദേശത്തുകാര്‍ തന്നെയാകാനാണ് സാധ്യത. ഇത് അനുമാനം മാത്രമാണെന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും എഡിജിപി പറഞ്ഞു. 

ഇന്നലെ വൈകീട്ട് കുട്ടിയും സഹോദരനും ട്യൂഷന് പോകവെ, വെള്ള കാറിലെത്തിയ പ്രതികള്‍ കുട്ടികളെ വിളിച്ച് അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞ് ഒരു കടലാസ് കൊടുത്തു. ഇതിനിടെ പെണ്‍കുട്ടിയെ കാറിനകത്തേക്ക് ബലമായി കയറ്റുകയായിരുന്നു. ഈ സമയത്ത് അബിഗേലിന്റെ സഹോദരന്‍ കാറിലുണ്ടായിരുന്ന സ്ത്രീയെ കയ്യിലിരുന്ന വടി കൊണ്ട് അടിച്ചു. സ്ത്രീ ആ വടി വാങ്ങി സഹോദരനെയും അടിച്ചു. പിന്നീട് ആണ്‍കുട്ടിയെ പ്രതികള്‍ തള്ളിയിട്ട് പെണ്‍കുട്ടിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു. 

കാറില്‍ വെച്ച് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. പിന്നീട് കുട്ടിയെ ഒരു വീട്ടില്‍ കൊണ്ടു ചെന്നാക്കി. ഭക്ഷണം നല്‍കുകയും, രാത്രി ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കുകയും ചെയ്തു. രാവിലെ വാഹനത്തില്‍ ചിന്നക്കടയിലെത്തിച്ചു. ഇത് നീല വാഹനം ആണെന്നാണ് സംശയം. കുട്ടി ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തിലാണ്. മൊഴി നല്‍കാന്‍ പറ്റുന്ന സ്ഥിതിയിലായിട്ടില്ല. ലഭിച്ച വിവരങ്ങള്‍ കോര്‍ത്തിണക്കി പ്രതികളിലേക്ക് എത്താന്‍ പൊലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനാവില്ലെന്നും എഡിജിപി അജിത് കുമാര്‍ പറഞ്ഞു. 

അതിനിടെ, ഓയൂരില്‍ നിന്നും ആറു വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുട്ടിയെ കണ്ടെത്തിയ ആശ്രാമം മൈതാനത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സ്ത്രീയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചതായി സൂചന. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സ്ത്രീ മുമ്പ് ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കല്ലമ്പലം ഞെക്കാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. കൊല്ലത്തെ ഒരു ടെക്സ്റ്റയില്‍സ് ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

ഞെക്കാട്ടെ ഒരു വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ ഒരു സ്ത്രീയാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. എന്നാല്‍ നാലുദിവസമായി ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് വീട്ടുടമ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ സ്ത്രീയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് ഉറപ്പാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. സംഘത്തില്‍ ഉള്‍പ്പെട്ട പുരുഷന്മാരെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com