'പൊലീസില്‍ അറിയിക്കരുത്', ബോസ് ആര്?; ആ സ്ത്രീ സന്ദേശം ഇങ്ങനെ 

ഇന്നലെ വൈകീട്ട് ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തിരികെ കിട്ടുന്നതിന് പ്രാര്‍ഥനയിലാണ് കേരളം മുഴുവന്‍
പൊലീസ് പുറത്തുവിട്ട രേഖാചിത്രം, അബിഗേല്‍
പൊലീസ് പുറത്തുവിട്ട രേഖാചിത്രം, അബിഗേല്‍

കൊല്ലം: ഇന്നലെ വൈകീട്ട് ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തിരികെ കിട്ടുന്നതിന് പ്രാര്‍ഥനയിലാണ് കേരളം മുഴുവന്‍. ഇന്നലെ വൈകീട്ട് നാലേകാലിനും നാലരയ്ക്കും മധ്യേയാണ് ഓയൂര്‍ ഓട്ടുമല ഗ്രാമത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകള്‍ അബിഗേല്‍ സാറെ റെജിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. 

സ്വകാര്യ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന അബിഗേലും മൂത്ത സഹോദരന്‍ നാലാം ക്ലാസുകാരന്‍ ജൊനാഥന്‍ റെജിയും സ്‌കൂള്‍ വിട്ടു സ്‌കൂള്‍ ബസില്‍ വീട്ടിലെത്തി അധിക നേരമായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ് അല്‍പനേരത്തിനകം സഹോദരനും സഹോദരിയും വീട്ടില്‍ നിന്നു കഷ്ടിച്ചു 100 മീറ്റര്‍ ദൂരെയുള്ള ട്യൂഷന്‍ ക്ലാസിലേക്കു നടന്നു. റെജിയും സിജിയും ജോലി സ്ഥലത്തായിരുന്നു. റെജിയുടെ അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടിയെ വിട്ടുതരാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘം രണ്ടുതവണയാണ് ഫോണ്‍ ചെയ്തത്. കുട്ടിയെ വിട്ടുതരാന്‍ പത്തുലക്ഷം ആവശ്യപ്പെട്ട് ബന്ധുവിന് ലഭിച്ച ഫോണ്‍ കോളിന്റെ പൂര്‍ണ രൂപം.

സ്ത്രീ: കുട്ടി സുരക്ഷിതയാണ്. കുട്ടി സുരക്ഷിതമായി ഞങ്ങളുടെ കൈകളിലുണ്ട്. 

ബന്ധു: നിങ്ങളിപ്പോള്‍ എവിടെയാണ് 

സ്ത്രീ: നിങ്ങള്‍ 10 ലക്ഷം രൂപ അറേഞ്ച് ചെയ്യണം. 

ബന്ധു: ഓകെ ഓകെ.... നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ്.... സ്ഥലം പറഞ്ഞാല്‍ മതി. 

സ്ത്രീ: നിങ്ങള്‍ അറേഞ്ച് ചെയ്താല്‍ മതി. നാളെ പത്തു മണിക്ക് കുട്ടിയെ വിട്ടുതരാം. 

ബന്ധു: തരാം തരാം... 

സ്ത്രീ: പൊലീസില്‍ അറിയിക്കാന്‍ ഒന്നും നില്‍ക്കരുത്. 

ബന്ധു: കുട്ടിയെ ഒന്നും ചെയ്യരുത്. നിങ്ങള്‍ പറയുന്നിടത്തു പൈസ കൊണ്ടു തരാം. 

സ്ത്രീ: നാളെ പത്തു മണിക്ക് നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരാം. 

ബന്ധു: ഓയൂര് കൊണ്ടുവരുമോ ? 

സ്ത്രീ: അതെ, കൊണ്ടുവരും. ഈ ഫോണില്‍ ഇങ്ങോട്ടു വിളിക്കരുത്. ഈ ഫോണ്‍ ഞങ്ങളുടേതല്ല. 

ബന്ധു: നിങ്ങളുടേതല്ല....? ഞങ്ങള്‍ ഇപ്പോള്‍ പൈസ അറേഞ്ചു ചെയ്താല്‍ കുട്ടിയെ ഇപ്പോള്‍ മടക്കിതരുമോ ? പൈസ ഞങ്ങള്‍ക്കു വിഷയമല്ല. കുട്ടിയെ ഉപദ്രവിക്കരുത്. 

സ്ത്രീ: ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് രാവിലെ 10 നു കൊടുക്കണം എന്നാണ്. 

പിന്നാലെ കോള്‍ കട്ടായി.

അതിനിടെ, മുമ്പും അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി മുത്തശ്ശി പറഞ്ഞു. 24-ാം തീയതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുത്തശ്ശിയുടെ സാന്നിദ്ധ്യം ദൗത്യത്തിന് തടസ്സമായതായി കണ്ടെത്തി. 

'എന്റെയടുത്തും പറഞ്ഞ് കുട്ടിയുടെ അമ്മയുടെ അടുത്തും പറഞ്ഞു. പോസ്റ്റിന്റെ അവിടെ ഒരു വെള്ള കാര്‍ കിടക്കുന്നു എന്നാണ് കുട്ടികള്‍ പറഞ്ഞത്. ഞങ്ങള്‍ പോകുമ്പോള്‍ നോക്കുന്നുണ്ട്. കാറില്‍ ഒന്നുരണ്ടുപേര്‍ ഇരിക്കുന്നതായും പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇവിടെ എല്ലാ വീടുകളിലും വെള്ള കാര്‍ ഉണ്ട്. പ്രദേശത്ത് അങ്ങനെ ഭയപ്പെടേണ്ട സംഭവങ്ങള്‍ ഒന്നുമില്ല. ഇവിടെ ചുറ്റിലും ആളുകള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞ് അവര്‍ക്ക് ധൈര്യം നല്‍കുകയാണ് ചെയ്തത്'- മുത്തശി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. 

ഇയാള്‍ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തത് കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്നായിരുന്നു. ഒരു സ്ത്രീയും മറ്റൊരു പുരുഷനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും, ഇരുവരും ഓട്ടോയിലാണ് ഇവര്‍ കടയില്‍ വന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. 

''ഏഴരയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമത്തെയാളെ കണ്ടിട്ടില്ലെന്നും''- പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com