'ഞാന്‍ പറഞ്ഞ വിരസമായ കാര്യങ്ങള്‍ കേട്ട് ജനം ആര്‍ത്തുവിളിച്ചു, ആവേശമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിശബ്ദരായി'; പരിഭാഷയെക്കുറിച്ച് രാഹുല്‍ ഗാന്ധി

ഇന്ന് എന്റെ സുഹൃത്ത് നല്ലൊരു പരിഭാഷകനായതിനാല്‍ അദ്ദേഹത്തിന് അത്തരം പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും രാഹുല്‍
കോഴിക്കോട് നടന്ന പരിപാടിയില്‍ അബ്ദുസ്സമദ് സമദാനിക്കൊപ്പം രാഹുല്‍ ഗാന്ധി/ ഫോട്ടോ: പിടിഐ
കോഴിക്കോട് നടന്ന പരിപാടിയില്‍ അബ്ദുസ്സമദ് സമദാനിക്കൊപ്പം രാഹുല്‍ ഗാന്ധി/ ഫോട്ടോ: പിടിഐ

കോഴിക്കോട്: തന്റെ പ്രസംഗം പ്രാദേശിക ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്നതിലെ  രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി.  താന്‍ പറയുന്നതും പരിഭാഷയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 'സീതിഹാജി: നിലപാടുകളുടെ നേതാവ്' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രസംഗപരിഭാഷയെ കുറിച്ച് സൂചിപ്പിച്ചത്. 

'എന്റെ പ്രസംഗ പരിഭാഷകനാകുക എന്നത് ചിലപ്പോള്‍ അപകടകരമായ ജോലിയാണ്. അടുത്തിടെ തെലങ്കാനയിലെ ഒരു പ്രസംഗത്തിനിടെ  ഞാന്‍ ഒരു കാര്യം പറയും, പരിഭാഷയില്‍ അദ്ദേഹം മറ്റെന്തൊക്കെയോ പറയുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. 

ഞാന്‍ വാക്കുകള്‍ എണ്ണാന്‍ തുടങ്ങി. അദ്ദേഹം തെലുഗുവിലാണ് സംസാരിക്കുന്നത്. ഞാന്‍ ഹിന്ദിയില്‍ അഞ്ച് വാക്കില്‍ പറയുന്ന കാര്യം തെലുഗുവില്‍ അഞ്ചോ ഏഴോ വാക്കുകളില്‍ പറയേണ്ടി വരും. എന്നാല്‍ അദ്ദേഹം 20, 25, 30 വാക്കുകള്‍ വരെ പറഞ്ഞു. 

പ്രസംഗത്തിനിടെ ഞാന്‍ വിരസമായ ചില കാര്യങ്ങള്‍ പറഞ്ഞു. അത് കേട്ട് ജനങ്ങള്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു. എന്നാല്‍ ആവേശമുണ്ടാക്കുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ നിശബ്ദരായി. അപ്പോള്‍ ദേഷ്യപ്പെടാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഇതൊക്കെ കണ്ട് എനിക്ക് പുഞ്ചിരിച്ച് നില്‍ക്കേണ്ടി വന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ ഇന്ന് എന്റെ സുഹൃത്ത് നല്ലൊരു പരിഭാഷകനായതിനാല്‍ അദ്ദേഹത്തിന് അത്തരം പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും രാഹുല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അബ്ദുസ്സമദ് സമദാനിയാണ് കോഴിക്കോട് നടന്ന പ്രസംഗം പരിഭാഷപ്പെടുത്തിയത്. 

കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ സീതിഹാജിയുടെ മകനും ഏറനാട് എംഎല്‍എയുമായ പി കെ ബഷീര്‍, കെ സി വേണുഗോപാല്‍, ഇ പി ജയരാജന്‍, കെ മുരളീധരന്‍ എം പി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com