ലളിത വസ്ത്രമോ വില കുറഞ്ഞ വാച്ചോ നോക്കി രാഷ്ട്രീയക്കാരെ വിലയിരുത്താനാകില്ല: രാഹുല്‍ ഗാന്ധി

'അവരുടെ വീടുകളില്‍ വിലയേറിയ ബിഎംഡബ്ലിയു കാര്‍ ഒക്കെയുണ്ടാകും. അവര്‍ കൂടുതല്‍ മിടുക്കന്മാരാണ്'
രാഹുൽ ​ഗാന്ധി/ ഫെയ്സ്ബുക്ക്
രാഹുൽ ​ഗാന്ധി/ ഫെയ്സ്ബുക്ക്

കോഴിക്കോട്: ചില രാഷ്ട്രീയക്കാരെ അവരുടെ ലളിതമായ വസ്ത്രധാരണമോ അവര്‍ ധരിച്ച വിലകുറഞ്ഞ വാച്ചുകളെയോ അടിസ്ഥാനമാക്കി വിലയിരുത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാരണം അവര്‍ തങ്ങളുടെ സ്വത്തുക്കള്‍ പൊതുജനങ്ങളുടെ കണ്ണില്‍ നിന്നും മറച്ചുവെക്കാന്‍ വളരെ മിടുക്കരാണ് എന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 

അന്തരിച്ച മുസ്ലീം ലീഗ് നേതാവ് പി സീതി ഹാജിയെക്കുറിച്ചുള്ള പുസ്തകം ( നിയമസഭയിലെ സീതിഹാജിയുടെ പ്രസംഗങ്ങള്‍) പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്ട്രീയക്കാരുടെ യഥാര്‍ത്ഥ സ്വഭാവം അവരുടെ കുട്ടികളെ നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ നിരവധി രാഷ്ട്രീയക്കാരെ കണ്ടുമുട്ടുന്നുണ്ട്. അവരെല്ലാം മിടുക്കരാണ്. 

ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് എന്താണ് പുറത്ത് കാണിക്കേണ്ടതെന്ന് അറിയാം. എന്നെക്കാണാന്‍ വരുന്ന ചില രാഷ്ട്രീയക്കാര്‍ ലളിതമായ വസ്ത്രമോ, വില കുറഞ്ഞ വാച്ചോ, കീറിയ ഷൂസോ ഒക്കെയാകും ധരിച്ചിട്ടുണ്ടാകുക. എന്നാല്‍ അവരുടെ വീടുകളില്‍ വിലയേറിയ ബിഎംഡബ്ലിയു കാര്‍ ഒക്കെയുണ്ടാകും. അവര്‍ കൂടുതല്‍ മിടുക്കന്മാരാണ്. 

ലളിതമായ വസ്ത്രങ്ങളിലൂടെയും മറ്റും രാഷ്ട്രീയനേതാക്കന്മാര്‍ക്ക് ഇതൊക്കെ മറയ്ക്കാന്‍ കഴിയും. എന്നാല്‍ അവരുടെ കുട്ടികളിലൂടെ മറച്ചു വെച്ച ഈ സത്യങ്ങളൊക്കെ പുറത്തു വരുന്നു. അതുകൊണ്ടു തന്നെ അത്തരം നേതാക്കളുടെ മക്കളെ തന്റെ അടുത്തേക്ക് അയക്കാന്‍ ആവശ്യപ്പെടുന്നു. കുട്ടികളുമായി സംസാരിക്കുന്നതിലൂടെ പിതാവിന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ കഴിയുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

പി സീതിഹാജിയെ താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ പി കെ ബഷീറിനെ കാണുമ്പോള്‍, സീതിഹാജിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാകും. ഒന്നും ഒളിക്കാനില്ലാത്ത വ്യക്തിയാണ് ബഷീറെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com