കാറിന്റെ ഡോര്‍ തുറക്കാനും ശാസ്ത്രീയ രീതി; അപകടം ഒഴിവാക്കാന്‍  'ഡച്ച് റീച്ച്', വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്- വീഡിയോ 

കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നത് മൂലം മറ്റു വാഹനങ്ങളിലുള്ളവര്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നത് മൂലം മറ്റു വാഹനങ്ങളിലുള്ളവര്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. പിന്നില്‍ നിന്ന് വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കാതെ, പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ മലക്കെ തുറക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കാറിന്റെ ഡോര്‍ തുറക്കുന്നതിന് ശാസ്ത്രീയ രീതി ഉണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. 

അപ്പോള്‍ ഡോര്‍ തുറക്കുന്നതിനും നിയമം ഉണ്ടോ എന്ന ചോദ്യം ഉയരാം. എന്നാല്‍ ഇതിനും ശാസ്ത്രീയ രീതി ഉണ്ടെന്നും അതിനെ ഡച്ച് റീച്ച് എന്നാണ് പറയുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 

എന്താണ് ഡച്ച് റീച്ച്?

ഇത് തുടങ്ങി വച്ചത് ഡച്ചുകാര്‍ ആണ്. അതുകൊണ്ടാണ് ഈ പേര് വന്നത്. അവിടത്തെ റോഡുകളില്‍ കാറുകളുടെ ഡോര്‍ അലക്ഷ്യമായി തുറന്നത് വഴി സൈക്കിള്‍ യാത്രക്കാര്‍ നിരന്തരം അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഈ രീതി അവലംബിച്ചത്. കാറിന്റെ ഏത് വശത്താണോ ഇരിക്കുന്നത്, അതിന്റെ എതിര്‍വശത്തുള്ള കൈ വച്ച് ഡോര്‍ തുറക്കുന്നതാണ് ഈ രീതി. അങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായി യാത്രക്കാരന്റെ കാഴ്ച പിന്നിലേക്ക് തിരിയുകയും പുറകില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച കൃത്യമായി ലഭിക്കുകയും ചെയ്യും. വാഹനങ്ങള്‍ ഒന്നും വരുന്നില്ലെന്ന് ഉറപ്പാക്കി കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ ഇത് സഹായകമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. അതുകൊണ്ട് റോഡിലേക്ക് തുറക്കുന്ന വശങ്ങളില്‍ ഇരിക്കുന്നവര്‍ ഡച്ച് റീച്ച് രീതി ഉപയോഗിച്ച് മാത്രം ഡോര്‍ തുറക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com