രാഹുല്‍ വയനാട് വിടുന്നു?; കന്യാകുമാരിയില്‍ മത്സരിക്കാന്‍ സാധ്യത; ഉത്തരേന്ത്യന്‍ മണ്ഡലവും പരിഗണനയില്‍; റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നും കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍
രാഹുല്‍ ഗാന്ധി/ ഫയല്‍
രാഹുല്‍ ഗാന്ധി/ ഫയല്‍

കൊച്ചി:  അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. വയനാടിനെ ഒഴിവാക്കി ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നോ വടക്കേ ഇന്ത്യയില്‍ നിന്നോ രാഹുല്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നും കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞു. കെസി വേണുഗോപാലിന്റെ അടുത്ത വിശ്വസ്തര്‍ ഉള്‍പ്പടെയുള്ളവര്‍ മുല്ലപ്പള്ളിയുടെ ഈ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. 

കന്യാകുമാരിയില്‍ നിലവില്‍ വി വിജയകുമാര്‍ ആണ് എംപി. 2012ല്‍ അച്ഛന്‍ വസന്ത്കുമാറിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് വിജയ് കുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അതേസമയം, രാഹുല്‍ ഉത്തരേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. രാഹുല്‍ മത്സരിക്കുന്നതോടെ ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷ സഖ്യത്തിനും നേട്ടുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഭാരത് ജോഡോ യാത്ര രാഹുലിന്റെ ജനസ്വാധീനം പലമടങ്ങ് വര്‍ധിപ്പിച്ചതായും പാര്‍ട്ടി വിലയിരുത്തുന്നു. 

രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഓഗസ്റ്റില്‍ നടത്തിയ സന്ദര്‍ശനത്തില്‍ വയനാട്ടിലെ ജനങ്ങളെ ഒരിക്കലും മറക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് വീണ്ടും വയനാട്ടില്‍ മത്സരിക്കുമെന്നതിന്റെ സൂചനയാണെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. സംസ്ഥാനത്ത് മിക്ക കോണ്‍ഗ്രസ് സിറ്റിങ് എംപിമാരും മത്സരരംഗത്ത് തുടരും. ആലപ്പുഴയിലും കണ്ണൂരിലും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുകയെന്നാതാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുളള വെല്ലുവിളി. കണ്ണൂരില്‍ നിന്നുള്ള സിറ്റിങ് എംപിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്‍ പാര്‍ട്ടി രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മത്സരത്തില്‍ നിന്ന് വിട്ടുനിന്നേക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com