നിയമനത്തട്ടിപ്പ്: റയീസിന്റെ വാട്സ് ആപ്പ് ചാറ്റുകൾ പൊലീസിന്; ഗൂഢാലോചന മെയ് മാസത്തില്‍ ആരംഭിച്ചതായി സൂചന

അഖിലിനെ എടുക്കണമെന്ന സന്ദേശം ലെനിന്‍ രാജ് റയീസിന് അയച്ചിരുന്നതായും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമനത്തട്ടിപ്പു കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവായി റയീസിന്റെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. ലെനിന്‍ രാജ്, അഖില്‍ സജീവന്‍, ഹരിദാസ്, ബാസിത്, സ്വരൂപ് എന്നിവരുമായിട്ടുള്ള ചാറ്റിങ്ങിന്റെ വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചത്. 

നിയമനത്തട്ടിപ്പ് ഗൂഢാലോചന മെയ് മാസത്തില്‍ ആരംഭിച്ചതായാണ് സൂചന. നിയമനത്തട്ടിപ്പു കേസില്‍ മൂന്നാം പ്രതിയായ റയീസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റയീസിന്റെ പക്കലുണ്ടായിരുന്ന ഫോണ്‍ വിശദമായി പരിശോധിച്ചതോടെയാണ് വാട്‌സ് ആപ്പ് ചാറ്റുകള്‍ പൊലീസിന് ലഭിച്ചത്. 

അഖില്‍ സജീവുമായി മെയ് 23 മുതലുള്ള ചാറ്റുകളാണ് കണ്ടെടുത്തിട്ടുള്ളത്. മെയ് മാസത്തില്‍ തന്നെ ലെനിന്‍ രാജും ബാസിതും റയീസും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ വാര്‍ത്ത വന്നതിനു ശേഷം ഇവര്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ആരോപണം ഉന്നയിച്ച ഹരിദാസനുമായും റയീസ് ബന്ധപ്പെട്ടതിന്റെ ചാറ്റുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഹരിദാസിനെ തട്ടിപ്പില്‍ ഇരയാക്കിയതാണോ എന്നതില്‍ ചാറ്റുകളില്‍ നിന്നും വ്യക്തമല്ലെന്നാണ് വിവരം. അഖിലിനെ എടുക്കണമെന്ന സന്ദേശം ലെനിന്‍ രാജ് റയീസിന് അയച്ചിരുന്നതായും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com