നിക്ഷേപകര്‍ കാലുപിടിക്കട്ടേ, പണം സൗകര്യമുള്ളപ്പോള്‍ തരും എന്നത് അംഗീകരിക്കാന്‍ പറ്റില്ല; കെടിഡിഎഫ്‌സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന് (കെടിഡിഎഫ്‌സി) വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ഹൈക്കോടതി/ ഫയല്‍ ചിത്രം
ഹൈക്കോടതി/ ഫയല്‍ ചിത്രം

കൊച്ചി: സ്ഥിര നിക്ഷേപം തിരികെ നല്‍കാത്ത സംഭവത്തില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന് (കെടിഡിഎഫ്‌സി) വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിക്ഷേപകര്‍ തങ്ങളുടെ കടക്കാരാണെന്ന തരത്തിലാണ് കെടിഡിഎഫ്‌സിയുടെ പെരുമാറ്റം. നിക്ഷേപകര്‍ വന്നു കാലുപിടിക്കട്ടെ, പണം സൗകര്യമുള്ളപ്പോള്‍ തരും എന്ന നിലപാട് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞു. 

യഥാര്‍ത്ഥ കടക്കാര്‍ തങ്ങളാണെന്ന ബോധ്യം കെടിഡിഎഫ്‌സിക്ക് വേണം. നിക്ഷേപകര്‍ക്ക് വേണ്ടത് ദയയല്ല, സ്ഥാപനത്തെ വിശ്വസിച്ച് നിക്ഷേപിച്ച പണമാണ്. 30.72 ലക്ഷം രൂപ സ്ഥിരം നിക്ഷേപം നല്‍കിയ കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമടക്കം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

സര്‍ക്കാറിന്റെ ഗാരന്റിയുള്ളതിനാലാണ് കെടിഡിഎഫ്‌സിയില്‍ ഹര്‍ജിക്കാര്‍ പണം നിക്ഷേപിച്ചതെന്ന് കോടതി പറഞ്ഞു. ഈ ഉറപ്പാണ് ലംഘിക്കപ്പെടുന്നത്. നിക്ഷേപിച്ച പണത്തിനായി കെഞ്ചേണ്ട കാര്യമൊന്നും ഹര്‍ജിക്കാര്‍ക്കില്ല. അവകാശമാണ് അവര്‍ ചോദിക്കുന്നത്. അത് നല്‍കാനുള്ള ബാധ്യത കെടിഡിഎഫ്‌സിക്കുണ്ട്.- കോടതി പറഞ്ഞു. 

ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കവെ, വിശദീകരണത്തിന് കെടിഡിഎഫ്‌സി കൂടുതല്‍ സമയം ചോദിച്ചത് കോടതിയുടെ വിമര്‍ശനത്തിന് ആക്കംകൂട്ടി. പണം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ 20 ദിവസമായി നടപടിയെടുത്തില്ല. പലിശ സഹിതം മൂന്നു മാസത്തിനകം നല്‍കാനാവുമോയെന്ന് ചോദിച്ച കോടതി, സര്‍ക്കാറിന് നിയന്ത്രണമുള്ള സ്ഥാപനമായിട്ടും നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാനാവാത്തത് വിചിത്രമാണെന്നും വിമര്‍ശിച്ചു. വിശദീകരണത്തിന് മൂന്നാഴ്ചകൂടി കെടിഡിഎഫ്‌സി തേടിയെങ്കിലും രണ്ടാഴ്ച അനുവദിച്ച കോടതി, ഹര്‍ജികള്‍ പിന്നീടു പരിഗണിക്കാന്‍ മാറ്റി.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com