കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സഹകരണ രജിസ്ട്രാര്‍ക്ക് വീണ്ടും ഇഡി നോട്ടീസ്; നാളെ ഹാജരാകണം

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റബ്‌കോ എംഡി പി വി ഹരിദാസന്റെ  ചോദ്യം ചെയ്യല്‍ ഇന്നും തുടരും
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ടാണ് സഹകരണ രജിസ്ട്രാര്‍ ടി വി സുഭാഷ് ഐഎഎസിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. 

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സഹകരണ രജിസ്ട്രാര്‍ ഹാജരായിരുന്നില്ല. തലേന്ന് രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും, അസൗകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ടിവി സുഭാഷ് ഇഡി ഓഫീസില്‍ ഹാജരാകാതിരുന്നത്. 

അതേസമയം ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റബ്‌കോ എംഡി 
പിവി ഹരിദാസന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. റബ്‌കോയുടെ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി ചോദിച്ചിരുന്നു. രേഖകള്‍ ഇന്നു ഹാജരാക്കാമെന്ന് ഹരിദാസന്‍ അറിയിച്ചിട്ടുണ്ട് 

കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയര്‍ന്നതോടെ, ഈ നിക്ഷേപം തിരികെ വാങ്ങാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു നടന്നില്ല. ബാങ്കില്‍ തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും അന്വേഷണവും നടന്നിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട്  വടക്കഞ്ചേരി നഗരസഭാ കൗണ്‍സിലർ മധു അമ്പലപുരം, മുൻ ഡിവൈഎസ്പി ഫേമസ് വർഗീസ് കരുവന്നൂർ ബാങ്കിലെ ചാർട്ടേഡ് അക്കൗണ്ടന്‍റുമാരായ മനോജ്, അനൂപ്, അഞ്ജലി എന്നിവരെ ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു. തൃശൂരിലെ ജ്വല്ലറി ഉടമ സുനിൽകുമാറിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com