'തുമ്പിപ്പെണ്ണിന്' മയക്കുമരുന്ന് എത്തിക്കുന്നത് 'കമാന്‍ഡര്‍'; പ്ലാസ്റ്റിക് കവറിലാക്കി മാലിന്യം ഉപേക്ഷിക്കുന്നത് പോലെ വയ്ക്കും, ഇടപാട് ടെലഗ്രാം വഴി, പിന്നില്‍ 'ഹിമാചല്‍' സംഘം

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എക്‌സൈസ് അറിയിച്ചു
കൊച്ചിയില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത 'തുമ്പിപ്പെണ്ണ്‌'
കൊച്ചിയില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത 'തുമ്പിപ്പെണ്ണ്‌'

കൊച്ചി: നഗരത്തില്‍ മയക്കുമരുന്നുമായി യുവതിയടക്കം നാലുപേരെ എക്‌സൈസ് സംഘം പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചിരുന്നത് ലഹരിയിടപാട് രംഗത്ത് കമാന്‍ഡര്‍ എന്നറിയപ്പെടുന്ന കൊല്ലം സ്വദേശി സച്ചിന്‍. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എക്‌സൈസ് അറിയിച്ചു.ഒളിവിലുള്ള ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 

പ്രതികള്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. സൂസിമോള്‍ക്ക് ( തുമ്പിപ്പെണ്ണ്) ക്വട്ടേഷന്‍- ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ട്. അജ്മല്‍ അടിപിടി, ഭവനഭേദന കേസുകളിലും പ്രതിയാണ്. പിടിച്ചുപറിക്കാരനായ എല്‍റോയിയാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരിയെന്നും അന്വേഷണ സംഘം പറഞ്ഞു. ടെലഗ്രാം വഴിയായിരുന്നു ഇടപാട്. ഹിമാചല്‍പ്രദേശ് കേന്ദ്രീകരിച്ച് വന്‍സംഘം ഇവര്‍ക്ക് പിന്നിലുണ്ട്. മയക്കുമരുന്ന് വാങ്ങി മറിച്ചുവില്‍പ്പന നടത്തുന്ന എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ചുള്ള ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. 

സച്ചിനാണ് ഹിമാചല്‍പ്രദേശില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളപരിസരത്ത് ഇവര്‍ക്ക് എംഡിഎംഎ എത്തിച്ചിരുന്നത്. വിമാനത്താവള പരിസരത്ത് പോളിത്തീന്‍ കവറിലാക്കി മാലിന്യം ഉപേക്ഷിക്കുന്നത് പോലെ മയക്കുമരുന്ന് വച്ച ശേഷം ഫോണില്‍ സൂസിമോള്‍ക്ക് സന്ദേശം അയക്കുന്നതാണ് രീതിയെന്നും എക്‌സൈസ് സംഘം അറിയിച്ചു. ഇവര്‍ അതെടുത്ത് നഗരത്തിലും പരിസരപ്രദേശങ്ങളിലും വിറ്റശേഷം കമാന്‍ഡര്‍ നല്‍കുന്ന ക്യൂആര്‍ കോഡ് വഴി പണം കൈമാറും. കമ്മീഷന്‍ ഇവര്‍ക്ക് നല്‍കും. ഹിമാലന്‍ മെത്ത് എന്ന് പേരുള്ള ഈ രാസലഹരിക്ക് ആവശ്യമനുസരിച്ച് ഗ്രാമിന് 4000 മുതല്‍ 7000 രൂപ വരെ ഈടാക്കിയിരുന്നതായും എക്‌സൈസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com