ജിഎസ്ടി രജിസ്‌ട്രേഷന് മുമ്പ് വാങ്ങിയ പണത്തിന് നികുതിയടച്ചത് എവിടെ?; ധനവകുപ്പിന്റേത് ക്യാപ്‌സൂള്‍ മാത്രം; മറുപടിയുമായി മാത്യു കുഴല്‍നാടന്‍ 

മാസപ്പടി വിവാദത്തില്‍ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തില്‍ വീണ്ടും പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍
മാത്യു കുഴല്‍നാടന്‍/ ഫയൽ
മാത്യു കുഴല്‍നാടന്‍/ ഫയൽ

തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തില്‍ വീണ്ടും പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. നികുതിയടച്ചോ ഇല്ലയോ എന്നതല്ല പ്രധാന വിഷയം. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയമെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചോദിച്ച ചോദ്യത്തിനല്ല മറുപടി നല്‍കിയത്. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണം. ധനവകുപ്പ് പുറത്ത് വിട്ടത് കത്തല്ല, കാപ്‌സ്യൂള്‍ മാത്രമാണെന്നും മാപ്പ് പറയേണ്ടത് ധനമന്ത്രിയാണെന്നും മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി.

ഒരു സേവനവും നല്‍കാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് പണം നല്‍കിയെന്നതാണ് പ്രധാന വിഷയം. സേവനം നല്‍കാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റാണ്. ജിഎസ്ടി ചര്‍ച്ചയാക്കി സിപിഎം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

കൈപ്പറ്റിയ തുകയ്ക്ക് ജി എസ് ടി  അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് താന്‍ മാപ്പ് പറയണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെടുന്നത്. എ കെ ബാലന്‍ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഓഫീസില്‍ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സിഎംആര്‍എല്‍ എന്ന കമ്പനി എക്‌സാലോജിക്കുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയില്‍ 2.3.2017 ല്‍ സിഎംആര്‍എല്‍ കമ്പനി വീണയുടെ കമ്പനിയുമായി (എക്‌സാലോജിക്) കരാര്‍ ഒപ്പിട്ടു. 2017 ജനുവരി ഒന്നുമുതല്‍ 5 ലക്ഷം മാസം നല്‍കുന്ന തരത്തില്‍ വീണാ വിജയനുമായി മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്‌സാലോജിക്കിന് 2017 ജൂലൈ ഒന്നുമുതലാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ ലഭിക്കുന്നത്. ഇതിനു മുന്‍പ് വീണാ വിജയനും കമ്പനിയും സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാന്‍ കഴിയുക 2018 ജനുവരി 17 മുതല്‍ മാത്രമാണ്. അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും?. 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് കത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com