പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; 64കാരന് 52 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 64കാരന് 52 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 64കാരന് 52 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. മുടവന്‍മുകള്‍ തമലം പൊറ്റയില്‍ വീട്ടില്‍ പ്രഭാത് കുമാര്‍ എന്ന പ്രഭന് (64) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നു മാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്ജി ആര്‍ രേഖ വിധി ന്യായത്തില്‍ വ്യക്തമാക്കി. കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

2013ലാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന കുട്ടി സ്‌കൂളില്‍നിന്നും വീട്ടില്‍ തിരിച്ചെത്തി ടിവി കാണുമ്പോഴാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് കേസ്. ആദ്യം വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയാണ് പീഡിപ്പിച്ചത്. കുട്ടി നിലവിളിച്ചെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. പ്രതി ബലം പ്രയോഗിച്ചതിനാല്‍ കുട്ടിയുടെ വായിലും കഴുത്തിലും മുറിവേറ്റു.

കുട്ടിയുടെ അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ്. 85 വയസ്സ് പ്രായമുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി വീട്ടില്‍ കയറിയപ്പോള്‍ അമ്മൂമ്മ വെട്ടുകത്തിയെടുത്ത് വെട്ടാന്‍ ഓങ്ങിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. അടുത്ത ദിവസം സ്‌കൂളില്‍ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകള്‍ കണ്ട കൂട്ടുകാരികളാണ് ടീച്ചറോട് വിവരം പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയമോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com